വാഷിംഗ്‌ടണ്‍: (truevisionnews.com)അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബാരി ഇ വില്‍മോറിനെയും തിരികെ ഭൂമിയില്‍ എത്തിക്കാന്‍ നാസ തീവ്രശ്രമത്തില്‍.
ഇരുവരെയും ഭൂമിയിലേക്ക് മടക്കിക്കോണ്ടുവരാന്‍ സുരക്ഷിതമായ വഴി തേടി നാസയും ബോയിങും ഇതുവരെ ഒരു ലക്ഷത്തിലധികം കമ്പ്യൂട്ടര്‍ മോഡല്‍ സിമുലേഷനുകളാണ് പരീക്ഷിച്ചത്. ഇവയുടെ ഫലം ആശ്വാസകരമാണ് എന്ന് ബോയിങ് വ്യക്തമാക്കി.
സുനിത വില്യംസും ബാരി ഇ വില്‍മോറും ഭൂമിയിലേക്ക് മടങ്ങിവരുന്നത് എപ്പോഴെന്ന് ഇപ്പോഴും വ്യക്തമല്ല. ഇരുവരെയും സുരക്ഷിതമായി മടക്കിക്കോണ്ടുവരാന്‍ കമ്പ്യൂട്ടര്‍ അധിഷ്‌ഠിതമായ അനേകം സിമുലേഷനുകള്‍ നാസ പരീക്ഷിച്ചുവരികയാണ്.
സ്റ്റാര്‍ലൈനര്‍ ഇരുവരെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ ഇറക്കുമ്പോഴും ഭൗമാന്തരീക്ഷത്തിലേക്ക് വരുമ്പോഴും ഭൂമിയില്‍ ഇറങ്ങുമ്പോഴും ഉണ്ടാവാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് പരിഹാരം തേടുകയാണ് പരീക്ഷണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനായി ഇതുവരെ നടത്തിയ സിമുലേഷനുകളുടെയും പരീക്ഷണങ്ങളുടെയും പട്ടിക ബോയിങ് സ്പേസ് ട്വീറ്റ് ചെയ്തു.
റിയാക്‌ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന്‍റെ ഏഴ് ഗ്രൗണ്ട് ടെസ്റ്റുകളും ഒരു ലക്ഷത്തിലധികം അണ്‍ഡോക്ക്-ടു-ലാന്‍ഡിംഗ് കമ്പ്യൂട്ടര്‍ മോഡല്‍ സിമുലേഷനുകളും ഇതില്‍ ഉള്‍പ്പെടും.
സുനിത വില്യംസിനെയും ബാരി ഇ വില്‍മോറിനെയും സുരക്ഷിതമായി ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സ്റ്റാര്‍ലൈനറിന്‍റെ വൈദഗ്ധ്യത്തില്‍ സംശയമില്ല എന്നാണ് നാസ പറയുന്നത്.
സാങ്കേതിക പ്രശ്‌നങ്ങളെ മറികടന്നാണ് സുനിത വില്യംസിനെയും ബാരി ഇ വില്‍മോറിനെയും ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം 2024 ജൂണ്‍ 6 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചത്.
സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് തവണ മാറ്റി വെച്ച വിക്ഷേപണം 2024 ജൂണ്‍ 5ന് നടന്ന മൂന്നാം ശ്രമത്തിലാണ് വിജയം കണ്ടത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്റ്റാർലൈനർ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ചയുണ്ടായത് ആശങ്കയുണ്ടാക്കിയിരുന്നു.
വിക്ഷേപണത്തിന് മുമ്പുതന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമെയാണ് രണ്ടിടത്ത് കൂടി ചോർച്ചയുണ്ടായത്.
കുറഞ്ഞ ദിവസങ്ങൾ മാത്രമുള്ള ദൗത്യത്തിന് ശേഷം സുനിതയും ബാരിയും തിരികെ ഭൂമിയിലേക്ക് എത്തുമെന്ന് വിശദമാക്കിയാണ് ബഹിരാകാശ നിലയത്തിലേക്ക് എത്തിയതെങ്കിലും ഇരുവരുടേയും മടക്കയാത്ര സ്റ്റാർലൈനറിന്‍റെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നീളുകയായിരുന്നു.
#nasa #boeing #conducted #over #100000 #computer #model #simulations #bring #barryewilmore #sunitawilliams #back #earth