വയനാട്: (truevisionnews.com) പണക്കൊതിയന്മാരുടെ ആർത്തി കണ്ടാൽ ആരും അറച്ച് പോകും. ഉരുൾപൊട്ടി പാതി ജീവനും ജീവിതങ്ങളും ഉറ്റവരെയും നഷ്ടപ്പെട്ടവർക്കിടയിലേക്ക് ശവപറമ്പിന് മുകളിൽ വട്ടമിട്ട് പറക്കുന്ന പരുന്തുകൾ കണക്കെ വട്ടിപ്പണക്കാരും സ്വകാര്യ ബാങ്കുകാരും.
ഇവർ തിരയുന്നത് തങ്ങളുടെ ഇരകൾ ജീവിച്ചിരിപ്പുണ്ടോയെന്ന്. ദുരന്തത്തില്‍ രക്ഷപ്പെട്ട് സർവ്വസവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ.
ഈ അവസ്ഥ വിവരിച്ചിട്ടും ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് നിരന്തരം വിളിച്ചതായി പരാതി ഉയര്‍ന്നു. തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം 'താങ്കൾ ജീവിച്ചിരിപ്പുണ്ടോ?' എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ 'ഇഎംഐ തുക അടക്കണം' എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്.
'ഞാന്‍ ഇഎംഐ എടുത്തിരുന്നു. ഇപ്പോള്‍ പണമിടപാട് സ്ഥാപനത്തിൽ നിന്നും വിളിച്ചു. നിങ്ങള്‍ സുരക്ഷിതരാണോയെന്നാണ് ആദ്യം ചോദിച്ചത്.
സുരക്ഷിതരാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ ഇഎംഐ പെന്റിംഗ് ആണെന്നും അത് അടക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എങ്ങനെയെങ്കിലും പൈസ അടക്കണം.
ഇല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആവുമെന്നാണ് അറിയിച്ചത്. കടം വാങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. വല്ലാത്ത അവസ്ഥയാണ് ഞങ്ങളുടേത്. ഞാന്‍ ജീവിച്ചിരിപ്പുണ്ട്.
എപ്പോഴാണേലും അടച്ചോളാം. ഭക്ഷണം വേണോയെന്ന് ചോദിച്ചല്ല ആരും വിളിച്ചത്. ഈ ദുരന്തമുഖത്തിരിക്കുന്ന ഒരാളെ വിളിച്ചു ചോദിക്കാനുള്ള ചോദ്യമല്ല ഇത്.
ജീവിച്ചിരിപ്പുണ്ടോ. എങ്കില്‍ പണം അടക്കൂവെന്ന് കേള്‍ക്കുമ്പോഴുള്ള മാനസികാവസ്ഥ വല്ലാത്തതാണ്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്. പരാതിക്കാരന്‍ പ്രതികരിച്ചു.
ദുരന്തത്തില്‍ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട മാനസികമായി തകര്‍ന്നിരിക്കുന്നയാളെ വിളിച്ചാണ് ഇഎംഐ തുക ആവശ്യപ്പെട്ടത്. പ്രമുഖ സ്വകാര്യ കമ്പനികൾ അടക്കമുള്ള സ്ഥാപനങ്ങളാണ് ഇഎംഐ തുക ആവശ്യപ്പെട്ട് ബന്ധപ്പെട്ടതെന്നാണ് വിവരം.
#EMI #paid #money #lending #institutions #put #pressure #those #camp