കല്പറ്റ: ( www.truevisionnews.com ) നിറയെ വീടുകളും മരങ്ങളും പച്ചപ്പുമായുള്ള വെള്ളോലിമലയ്ക്കരികത്തായി ഒട്ടുരുമ്മിനിന്ന രണ്ട് വയനാടന്‍ ഗ്രാമങ്ങള്‍. ഒരു രാത്രി പുലരുംമുമ്പ് മുണ്ടക്കൈ എന്നും ചൂരല്‍മലയെന്നും വിളിപ്പേരുള്ള ആ രണ്ട് ഗ്രാമങ്ങളും നാമാവശേഷമായി.
വെള്ളോലിമലയുടെ മുകളില്‍നിന്ന് ഉരുള്‍പൊട്ടി നിമിഷനേരംകൊണ്ട് മുണ്ടക്കൈയെയും ചൂരല്‍മലയെയും വിഴുങ്ങി. വെള്ളവും ചെളിയും പാറക്കല്ലുകളുംകൊണ്ട് പുതഞ്ഞു. വീടുകളേയും മരങ്ങളേയും അടിയോടെ പിഴുതെടുത്ത് മലവെള്ളപ്പാച്ചില്‍ അവിടുത്തെ ബഹുഭൂരിപക്ഷം ജീവനുകളേയും കവര്‍ന്നുകൊണ്ട് അതിവേഗത്തില്‍ ചാലിയാറില്‍ ലയിച്ചൊഴുകി.
കേരളംകണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മുണ്ടക്കൈയും ചൂരല്‍മലയും മാറിയിരിക്കുന്നു. 48 മണിക്കൂര്‍ പിന്നിടുമ്പോഴും ദുരന്തിന്റെ വ്യാപ്തി ഇപ്പോഴും ശരിയായവിധം വെളിവായിട്ടില്ല. പൂര്‍ണ്ണരൂപത്തിലും അല്ലാതെയുമായി 250-ഓളം മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തെങ്കിലും അത്രയുംതന്നെ ഇനിയും കാണാമറയത്താണെന്നാണ് വിവരം.
ഉറ്റവരെ കാണാതയെന്ന് പറയാന്‍പോലും ബാക്കിയാരും അവശേഷിക്കാതെയാണ് ഓരോ ഭവനങ്ങളേയും ദുരന്തം കവര്‍ന്നത്. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായെന്നും നിരവധി വീടുകള്‍ മണ്ണിനടയിലായെന്നുമുള്ള വാര്‍ത്തു പുറത്തുവരുന്നത് ചൊവ്വാഴ്ച പുലര്‍ച്ച നാല് മണിയോടെയാണ്. 'മുണ്ടക്കൈയില്‍ ഒരുപാട് ആള്‍ക്കാര്‍ മണ്ണിനടിയിലാണ്.
രക്ഷപ്പെടാന്‍ വേണ്ടി ആളുകള്‍ പരക്കം പായുകയാണ്. വണ്ടിയെടുത്ത് ആരെങ്കിലുമൊക്കെ മേപ്പാടി ഭാഗത്തുനിന്ന് കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ വേഗം വരീ' എന്നുള്ള സന്ദേശങ്ങള്‍ നിമിഷനേരങ്ങള്‍കൊണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചു.
ഓടിവരണേ, രക്ഷിക്കണേ തുടങ്ങിയുള്ള ഫോണ്‍വിളികളും സന്ദേശങ്ങളും പരക്കെ വന്നുതുടങ്ങി. മൂന്ന് പേര്‍ മരിച്ചെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. തുടർന്ന് പുറത്തുവന്ന വാർത്തകളും ദൃശ്യങ്ങളും മനുഷ്യമനസ്സിനെ മരവിപ്പിക്കുന്നതായിരുന്നു.
ദുരന്തപ്രദേശത്ത് രണ്ട് ദിവസമായി പെയ്തുകൊണ്ടിരുന്ന അതിതീവ്രമഴയ്‌ക്കൊടുവിലാണ് ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയില്‍ മുണ്ടക്കൈ-ചൂരല്‍മലയില്‍ രണ്ടുതവണ ഉരുള്‍പൊട്ടലുണ്ടായത്. നാലുകിലോമീറ്ററോളം ഭാഗത്ത് ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലുമായി ചൂരല്‍മല-മുണ്ടക്കൈ ഗ്രാമങ്ങള്‍ പൂര്‍ണമായും ഒഴുകിപ്പോയി.
ശരീരങ്ങൾ കിലോമീറ്ററുകള്‍ക്കപ്പുറം ചാലിയാറിലൂടെ ഒഴുകി മലപ്പുറം പോത്തുകല്ലില്‍ വന്നടിഞ്ഞു. പൂര്‍ണ്ണ രൂപത്തിലുള്ളതും അവയവഭാഗങ്ങളായുമാണ് പോത്തുകല്ലുകാർ അവ കണ്ടെത്തിയത്. ശക്തമായ കുത്തൊഴുക്കില്‍ വലിയ കല്ലുകൾക്കും മരത്തടികൾക്കുമൊപ്പം ഒഴുകിയാണ് മൃതദേഹങ്ങള്‍ മിക്കവയും ഛിന്നഭിന്നമായത്.
ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലൂടെയൊഴുകുന്ന ചൂരല്‍മലപ്പുഴ (കള്ളാടിപ്പുഴ) ഏതാനും കിലോമീറ്ററുകള്‍ കൂടി ഒഴുകി അരുണപ്പുഴയും സൂചിപ്പാറ വെള്ളച്ചാട്ടവും കടന്നാണ് ചാലിയാറായി രൂപപ്പെടുന്നത്. മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി കുത്തിയൊലിച്ച മലവെള്ളം ചാലിയാറിനെ ചാവുപുഴയാക്കി.
ചാലിയാര്‍ പുഴയില്‍നിന്ന് ബുധനാഴ്ച വൈകീട്ട് ഏഴുമണിവരെയായി ആകെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളും. 28 പുരുഷന്മാരുടെയും 21 സ്ത്രീകളുടെയും രണ്ട് ആണ്‍കുട്ടികളുടെയും സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത ഒരു വ്യക്തിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 75 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.
#wayanad #landslide #rescue #operation