മേപ്പാടി: ( www.truevisionnews.com )കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം കൂടുന്നു. മരണസംഖ്യ 282 ആയി ഉയർന്നപ്പോൾ 200 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരമില്ല.
പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. അതേസമയം, ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.
മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങള്‍ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.
രണ്ടാം ദിവസം രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലവിളിയാകുന്നത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ്. ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനായി നിർമ്മിച്ച താത്കാലിക പാലം മുങ്ങി. പ്രവർത്തകർ വടം ഉപയോഗിച്ച് ഇപ്പോൾ മറുകരയിലേക്ക് മാറുകയായിരുന്നു. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്.
രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന ബെയ്ലി പാലം ഇന്ന് സജ്ജമാവുമെന്നാണ് പ്രതീക്ഷ. രാത്രിയിലും തുടരുന്ന നിര്‍മാണ പ്രവര്‍ത്തനം മന്ത്രിമാര്‍ വിലയിരുത്തി.
പാലം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനത്തിന് വേഗം കൂടും. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ചൂരൽ മലയിൽ നിന്നും മുണ്ടക്കൈയിലേക്കാണ് പാലം നിർമിക്കുന്നത്.
അതിവേഗത്തിലാണ് പാലത്തിന്റെ നിർമാണം നടക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. തുടർ നടപടികൾ യോഗത്തിൽ ചർച്ചചെയ്യും. ചാലിയാര്‍ പുഴയില്‍ തിരച്ചില്‍ ഊര്‍ജിതമാണ്. 200 ലധികം ടീം വെല്‍ഫെയര്‍ വളണ്ടിയര്‍മാരാണ് ചാലിയാറില്‍ തിരച്ചില്‍ നടത്തിയിരുന്നത്. തിരച്ചില്‍ തുടരും.
#mundakkai #landslide #Death #264 #Bailey #Bridge #to #be #set #up #today