(truevisionnews.com) പുലര്‍ച്ചെ 1.30-ന് മേപ്പാടി അരപ്പറ്റ വിംസ് ആശുപത്രിയിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. ഡോക്ടര്‍മാരെ ബുക്ക് ചെയ്യാനായി എന്നും രോഗികള്‍ വിളിക്കുമ്പോള്‍ ഫോണെടുക്കാറുണ്ടായിരുന്ന റിസപ്ഷനിസ്റ്റ് നീതുവായിരുന്നു മറുതലയ്ക്കല്‍.
വിറച്ച് വിറച്ച് വാക്കുകള്‍ മുറിഞ്ഞു പോകുന്നതിനിടയില്‍ നീതു പറഞ്ഞൊപ്പിച്ചത് ഇത്രയായിരുന്നു. 'ആരെങ്കിലും ഞങ്ങളെ വന്നൊന്ന് രക്ഷിക്കോ? വീട് മുഴുവന്‍ ചെളിവള്ളം കയറി.
എവിടെയോ ഉരുള്‍ പൊട്ടിയിട്ടുണ്ടെന്ന് തോന്നുന്നു.' ഫോണെടുത്ത രാത്രി ഷിഫ്റ്റിലെ ജോലിക്കാരന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. 'ഓക്കെ, ഓക്കെ എന്തെങ്കിലും ചെയ്യാം' എന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ വെച്ചു.
വീണ്ടും 2.18-ന് നീതു വിളിച്ചു. ഇത്തവണ ഫോണെടുത്തത് ഡ്യൂട്ടി മാനേജറാണ്. 'വീണ്ടും ഉരുള്‍ പൊട്ടിയെന്ന് തോന്നുന്നുണ്ട്. ഞങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തുകടക്കാന്‍ പോലും പറ്റുന്നില്ല.
എല്ലാവരും ഇപ്പോള്‍ ഒലിച്ചുപോകും', നീതു വിറയലോടെ പറഞ്ഞൊപ്പിച്ചു. പിന്നീട് ആശുപത്രിയില്‍നിന്ന് നീതുവിനെ തിരിച്ചുവിളിച്ചു. അപ്പോഴേക്കും പുഴ ഗതി മാറി ഒഴുകി വീടിന് ചുറ്റും വെള്ളം നിറഞ്ഞിരുന്നു.
ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള സ്ഥലത്താണ് വീടുള്ളതെന്നും അവിടെ നിന്ന് മാറാന്‍ അതിലും സുരക്ഷിതമായൊരു സ്ഥലമില്ലെന്നും സഹപ്രവര്‍ത്തകരോട് നീതു പറയുകയും ചെയ്തു.
ചൂരല്‍മലയിലെ ഹൈസ്‌കൂള്‍ റോഡിലെ വീട്ടില്‍നിന്ന് രാത്രി നീതു ഫോണ്‍ ചെയ്യുമ്പോള്‍ അച്ഛനും അമ്മയും അഞ്ച് വയസ്സുള്ള മകനും മാത്രമല്ല കൂടെയുണ്ടായിരുന്നത്. പുഴയ്ക്ക് തൊട്ടരികില്‍ താമസിക്കുന്ന ഏഴ് കുടുംബങ്ങളുമുണ്ടായിരുന്നു.
പുഴയിലൂടെ വെള്ളം കുതിച്ചൊഴുകിയപ്പോള്‍ അവരെല്ലാവരും നീതുവിന്റെ വീട്ടില്‍ അഭയം തേടിയതാണ്. ഇതെല്ലാം നടക്കുമ്പോള്‍ നീതുവിന്റെ ഭര്‍ത്താവ് ജോജോ വി. ജോസഫ് വീടിന് പുറത്തായിരുന്നു.
ആദ്യം ഉരുള്‍പൊട്ടിയ മുണ്ടക്കെയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോകുന്ന സംഘത്തിനൊപ്പമായിരുന്നു. മഴ കനത്തതോടെ ചൂരല്‍മലയിലും അപകടം പതിയിരിപ്പുണ്ടെന്ന് മനസിലാക്കി ജോജോ സുഹൃത്തുക്കള്‍ക്കൊപ്പം തിരിച്ച് വീട്ടിലെത്തി.
കുടുംബത്തെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു ലക്ഷ്യം. എന്നാല്‍, വീടിന് മുന്നില്‍ ഉരുള്‍പൊട്ടിവന്ന കാറും മറ്റു വാഹനങ്ങളും നീക്കിക്കൊണ്ടുവന്ന ചെളി നിറഞ്ഞിട്ടുണ്ടായിരുന്നു. പുഴയ്ക്ക് മുകളിലൂടെയുള്ള പാലവും തകര്‍ന്നിട്ടുണ്ടായിരുന്നു.
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വീട്ടിലെത്തി വാതില്‍ എങ്ങനെയൊക്കെയോ തള്ളിത്തുറന്ന് എല്ലാവരേയും രക്ഷിച്ചു. എന്നാല്‍ അതിനിടയില്‍ വെള്ളത്തിന്റെ കുത്തൊഴുക്കിനൊപ്പം വീടിന്റെ അടുക്കള ഒലിച്ചുപോയി.
ആ ഒഴുക്കില്‍ നീതുവും അകപ്പെട്ടു. എല്ലാവരേയും രക്ഷിച്ചുകഴിഞ്ഞപ്പോഴാണ് നീതു അക്കൂട്ടത്തിലല്ലെന്ന് ജോജോയ്ക്ക് മനസിലായത്. മകനെ ചേര്‍ത്തുപിടിച്ച് വിറങ്ങലിച്ചു നിന്ന ജോജോയുടെ ഉള്ളില്‍ അപ്പോള്‍ ഒരു സങ്കടപ്പെയ്ത്ത് തുടങ്ങിയിരുന്നു.
മകനേയും മാതാപിതാക്കളേയും ക്യാമ്പിലെത്തിച്ചശേഷം ജോജോ നീതുവിനെ അന്വേഷിച്ച് ആദ്യം ഓടിയത് മേപ്പാടി ഹെല്‍ത്ത് സെന്ററിലാണ്.
ഓരോ മൃതദേഹവും മൂടിയ വെള്ളത്തുണികള്‍ പൊക്കി നോക്കിയപ്പോഴെല്ലാം അതിനൊന്നും തന്റെ പ്രിയതമയുടെ മുഖമാകരുതേ എന്നാണ് മനസുരുകി പ്രാര്‍ഥിച്ചത്. ഇനി മണ്ണിലെങ്ങാനും പുതുഞ്ഞുനില്‍ക്കുന്നുണ്ടോ എന്നറിയാന്‍ ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ജോജോയും ചേര്‍ന്നു.
വീട് നിന്നിരുന്ന ഏകദേശ സ്ഥലം കണ്ടെത്തി അവിടേയുള്ള മണ്ണും ചെളിയും മരത്തടികളുമെല്ലാം നീക്കി. പക്ഷേ ഇതുവരെ നീതുവിനെ കണ്ടെത്താന്‍ ജോജോയ്ക്ക് കഴിഞ്ഞിട്ടില്ല.
മിസ്സിങ് കേസുകളുടെ പട്ടികയില്‍ നീതുവിന്റെ ചിരിക്കുന്ന മുഖം ഇപ്പോഴുമുണ്ട്. ചൂരല്‍ മലയിലെ പാലവും പുഴയും ഗ്രൗണ്ടും വീടുമെല്ലാം 'ഡ്രീംസ്' എന്ന പേരിലുള്ള തന്റെ ബ്ലോഗില്‍ പങ്കുവെച്ചപ്പോള്‍ അതിന് ജോജു നല്‍കിയ തലക്കെട്ട് 'ദൈവത്തിന്റെ സ്വന്തം നാട്, എന്റെ ചൂരല്‍മല' എന്നായിരുന്നു. ഇപ്പോള്‍ പ്രിയതമയും പ്രിയപ്പെട്ട നാടും ഒരുപോലെ കാണാമറയത്തായിരിക്കുന്നു.
#mundakkai #chooralmala #wayanad #landslide #death