കൽപ്പറ്റ: ( www.truevisionnews.com )വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽ മലയിലേക്കുള്ള റോഡിൽ ഗതാഗത തടസ്സം. ഉദ്യോഗസ്ഥരുടെ അടക്കം വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിരിക്കുന്നതാണ് ഗതാഗത തടസ്സത്തിന് കാരണം.
ചൂരൽമലയിൽ നിന്ന് മേപ്പാടി വരെയുള്ള 14 കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ കടന്നുപോകാൻ നിലവിൽ മണിക്കൂറുകൾ വേണ്ടിവരുന്നുണ്ട്.
അതേസമയം ബെയിലി പാലം നിർമിക്കാനുള്ള സാമഗ്രികളുമായി എത്തുന്ന സൈന്യത്തിന് വഴിയൊരുക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.ചൂരൽ മലയിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
മുണ്ടക്കൈയിലേക്ക് താൽകാലിക പാലം നിർമ്മിക്കുന്നതിന് ഇന്ത്യൻ വ്യോമ സേനയുടെ വിമാനം കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയിട്ടുണ്ട്. വിമാനത്തിൽ കൊണ്ടുവന്ന പാലം നിർമ്മിക്കാനുള്ള സാമഗ്രികൾ ദുരന്ത സ്ഥലത്തേക്ക് അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്നും ഇതിനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്നും ജില്ലാ കളക്ടർ അറിയിത്തിട്ടുണ്ട്.
അതേസമയം ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലക്ക് ചൂരൽ മലയിൽ നിന്നും താത്കാലിക പാലം നിർമിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വ്യോമസേനയുടെ രണ്ടാമത്തെ വിമാനമാണ് ഇന്ന് എത്തിയത്.
വ്യോമസേന എത്തിച്ച സാമഗ്രികൾ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ 17 ട്രക്കുകളിലായി ഇവ ചൂരൽമലയിലെത്തിക്കും. ഇന്നലെ കണ്ണൂരിലെത്തിയ ആദ്യ വ്യോമസേനാ വിമാനത്തിൽ പാലം നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ എത്തിച്ചിരുന്നു.
ഇവ ഇന്നലെ രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി ചൂരൽമലയിലെ ദുരന്ത മേഖലയിൽ എത്തിച്ചിരുന്നു. ഇവ ഉപയോഗിച്ച് പാലം നിർമാണം നിലവിൽ പുരോഗമിക്കുകയാണ്.
#district #collector #directs #make #way #vehicles #carrying #materials #construction #bridge #wayanad