മുണ്ടക്കൈ: ( www.truevisionnews.com )ആർത്തലച്ചെത്തിയ പ്രകൃതിദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാടൻ ജനത. ഭയത്തിന്റെയും മരവിപ്പിന്റെയും അന്തരീക്ഷത്തിൽ തങ്ങൾ ഇന്നോളം നേടിയതെല്ലാം നഷ്ടപ്പെട്ടതിന്റെ വിങ്ങലിലാണ് അവർ. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവർ. ശേഷിക്കുന്നതാകട്ടെ, പുതഞ്ഞുകിടക്കുന്ന ചെളിയും പാറക്കല്ലുകളും മാത്രം.
വീടിനടുത്തുണ്ടായിരുന്ന യുവാവ് തന്നെ വിളിച്ചുകാര്യങ്ങൾ അന്വേഷിച്ചതും രണ്ടാമത് ഉരുൾപൊട്ടിയതും ഒരുമിച്ചാണെന്ന് ദുരന്തം മുന്നില്‍ക്കണ്ട് ഭയന്നുവിറച്ച സ്ത്രീ പറഞ്ഞു.
'ഞാൻ പോവുകയാണെന്ന് മാത്രം അവന്റെ അടുത്ത് പറഞ്ഞു. വീടാകെ കുലുങ്ങി. പോവുകയാണെങ്കിൽ പോകട്ടെ എന്നു കരുതി ഞങ്ങളുടെ കുടുംബം കെട്ടിപ്പിടിച്ച് നിന്നു. ഒരു അര മണിക്കൂർ അതേ നിൽപ്പായിരുന്നു.
റെസ്ക്യു സംഘത്തിൽപ്പെട്ട യുവാക്കള്‍ ഞങ്ങളുടെ വീടിന് മുന്നിലൂടെ പോകുന്നുണ്ടായിരുന്നു. അവർ നടന്ന് പോയതും രണ്ടാമതും ഉരുള്‍പൊട്ടി. അവർ എവിടെയാണെന്ന് അറിയില്ല. ഞങ്ങൾക്ക് ഇനി ഒന്നും ബാക്കിയില്ല. മകളുടെ വിവാഹത്തിനുവേണ്ടി കൂട്ടിവെച്ചതെല്ലാം നഷ്ടപ്പെട്ടു', അവർ പറഞ്ഞു.
സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് തന്റെ ജീവൻ തിരിച്ചുകിട്ടിയതെന്നും ജീവൻ തിരിച്ചുകിട്ടി ചികിത്സയിൽ കഴിയുന്ന ദുരന്തത്തിന് ഇരയായ സ്ത്രീ പറഞ്ഞു. മല പൊട്ടി വന്ന്, കിടക്കുന്നിടത്ത് ബെഡ് തന്നെ പൊങ്ങുകയായിരുന്നു.
അത് കണ്ടിട്ടാണ് വെള്ളം വരുന്നുണ്ടെന്ന് മനസ്സിലായത്. ഡോര്‍ ഒന്നും തുറക്കാന്‍ പറ്റിയില്ല. ചെളിയിലാണ് നില്‍ക്കുന്നത്. അവിടെ നിന്നും എങ്ങിനെയോ സെക്കന്‍ഡുകള്‍ക്കിടെ ഞങ്ങള്‍ ഓടി രക്ഷപ്പെട്ടു. വീടെല്ലാം മൊത്തം പോയി. ഇനി ഒന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
#wayanad #landslide #people #reacts #on #the #after #affects