കൽപ്പറ്റ: (Truevisionnews.com)വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിനായി ചൂരൽമലയിലെ തകർന്ന പാലത്തിനു പകരം താൽക്കാലിക പാലം നിർമ്മിക്കുമെന്ന് മന്ത്രി കെ രാജൻ. മുണ്ടക്കെെയിൽ കുടുങ്ങിയവർക്ക് ഭക്ഷണം എത്തിച്ചു നൽകും.
റോപ്പ് വഴി രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായും മന്ത്രി കെ രാജൻ പറഞ്ഞു. എയർ ലിഫ്റ്റിന് കാലാവസ്ഥ തടസമാണ്. ആവശ്യമെങ്കിൽ രാത്രിയിലും രക്ഷാപ്രവർത്തനം തുടരും.
അതിനാവശ്യമായ ലൈറ്റുകൾ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയാ വഴി തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകളും എത്തിക്കാനാണ് തീരുമാനം. ചൂരൽമലയിലെ പത്താം വാർഡായ അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു.
ചൂരൽമലയും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാൽ അങ്ങോട്ട് കടക്കുക ദുഷ്കരമാണ്. 5 സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് സൈന്യം അറിയിച്ചു.
അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 93 ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് തൊട്ടടുത്തുള്ള അഡ്വഞ്ചർ പാർക്കുകളിലെ വലിയ റോപ്പുകൾ എത്തിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകിയത്.
ദുരന്തത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടതും തകർന്നടിഞ്ഞതും പത്താം വാർഡായ അട്ടമലയാണ്. അതിനാലാണ് രക്ഷാ പ്രവർത്തനം ആദ്യം അങ്ങോട്ട് കേന്ദ്രീകരിക്കുന്നത്. അതിനിടെ, തിരുവനന്തപുരത്ത് നിന്ന് രണ്ട് കോളം സൈനികരുടെ സംഘത്തെ വഹിച്ചു കൊണ്ട് രണ്ട് വിമാനങ്ങൾ ഉടൻ പുറപ്പെടും.
5 മണിക്ക് വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് റോഡ് മാർഗം വയനാട്ടിലേക്ക് പോകും. ജീവൻ രക്ഷാ ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിന് ഉള്ള ഉപകരണങ്ങളുമടക്കം വഹിച്ചു കൊണ്ടാണ് ഇവർ എത്തുന്നത്. കണ്ണൂരിൽ നിന്നുള്ള സൈനിക സംഘവും ചൂരൽമലയിൽ എത്തിയിട്ടുണ്ട്.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ലയങ്ങൾ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം തടത്തുന്നതായി സന്നദ്ധപ്രവർത്തകൻ ഷാജി അറിയിച്ചു. നിരവധി ലയങ്ങള്‍ എന്‍ഡിആര്‍എഫിൻ്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഇവിടെയെല്ലം രക്ഷാ പ്രവര്‍ത്തനം നടക്കുന്നുവെന്നും കെവി ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, മരണം 73 ആയി ഉയർന്നു. മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും ആയിരക്കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയിരിക്കുന്നതെന്നും ഷാജി പറഞ്ഞു. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്.
ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നുണ്ട്. മിലിട്ടറിയും ഫയർഫോഴ്സും നാട്ടുകാരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. നിരവധി വീടുകൾ മണ്ണിനടിയിലാണ്. പ്രത്യേകിച്ച് ലയങ്ങൾ മണ്ണിനടിയിൽ പോയിട്ടുണ്ടെന്നും ഇതെല്ലാം കണ്ടെത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
#Weather #hampers #airlift #rescue #operations #will #continue #night #necessary #Minister #KRajan