വയനാട്: (truevisionnews.com) മനുഷ്യനെക്കാൾ ഉയരമുള്ള കൂറ്റൻപാറകൾ, തകർന്നുവീണ കെട്ടിടങ്ങൾ, ചുറ്റും ചെളിയും മണ്ണും...
വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങി ഉരുൾപ്പൊട്ടിയിറങ്ങിയിട്ട് 10 മണിക്കൂറുകൾ പിന്നിടുന്നു. സംസ്ഥാനം ഇന്നോളം കാണാത്ത ദുരിതസ്ഥിതി.
പൊട്ടിയൊലിച്ച ഉരുളിൽ ചാലിയാറിലൂടെ കിലോമീറ്ററുകളോളം മൃതദേഹങ്ങൾ ഒഴുകിയെത്തി. 250 ഓളം പേരാണ് കുടുങ്ങികിടക്കുന്നതെന്നാണ് വിവരം.
ദുരന്തമുഖത്തേക്ക് ഇനിയും രക്ഷാപ്രവർത്തകർക്ക് എത്തിചേരാൻ കഴിയാത്ത സ്ഥിതി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻസാധിക്കാത്ത അവസ്ഥയാണുള്ളത്.
ഇതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. വ്യോമസേന സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി അയച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായി നിൽക്കുന്നത് എയർലിഫ്റ്റിങിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും അകപ്പെട്ടതായി സംശയം.
ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സജ്ജീകരിക്കുക എന്ന ലക്ഷ്യവുമായി സൈന്യത്തിന്റെ എൻജിനിയറിങ് ഗ്രൂപ്പ് വയനാട്ടിലേക്കെത്തും.
ബെംഗളൂരിൽ നിന്നും സംഘം എത്തുന്നതോടെ മേഖലയുമായുള്ള ബന്ധം പുനസ്ഥാപിക്കാനും രക്ഷാദൗത്യത്തിലേക്ക് കടക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. വയനാട് ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതും മഴ തുടരുന്നതും ആശങ്ക വർധിപ്പിക്കുകയാണ്.
രക്ഷാപ്രവർത്തനത്തിന് കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) സെൻ്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.
200 ഓളം സൈനികരാണ് സംഘത്തിലുള്ളത്. ഇതിൽ ആദ്യ സംഘം ചൂരൽമലയിലെത്തിയിട്ടുണ്ട്. സമയം മുന്നോട്ട് പോകും തോറും ആശങ്ക വർധിക്കുകയാണ്. പകൽവെളിച്ചം നിലക്കുന്നതോടെ രക്ഷാപ്രവർത്തനം വീണ്ടും പ്രതിസന്ധിയിലാകും.
ഗുരുതരമായി പരിക്കേറ്റവരടക്കം ഒറ്റപ്പെട്ട അവസ്ഥയിലാണ്. വരും മണിക്കൂറുകളിൽ കാലവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റിങിനും മേഖലയുമായി ബന്ധപ്പെടുന്നതിന് ബദൽ സംവിധാനങ്ങളും ഒരുക്കാൻ സാധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണുള്ളത്.
#hours #pass #anxiety #grows #people #trapped