(truevisionnews.com) വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെ സി വേണുഗോപാല്‍ എം പി.
കെ സി വേണുഗോപാല്‍ ലോക്‌സഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. വിഷയം ലോക്‌സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള അതീവ ഗുരുതരമായ ദുരന്തവും രക്ഷാപ്രവര്‍ത്തനങ്ങളും പാര്‍ലമെന്റ് മറ്റ് നടപടി ക്രമങ്ങള്‍ നിര്‍ത്തി വെച്ചു ചര്‍ച്ച ചെയ്യണമെന്ന ആവശ്യം മുന്‍ നിര്‍ത്തി പി സന്തോഷ് കുമാര്‍ എംപി റൂള്‍ 267 പ്രകാരം രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
ചര്‍ച്ച ആവശ്യപ്പെട്ട് എം കെ രാഘവന്‍ എം പിയും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
അതേസമയം, വയനാട് മുണ്ടക്കൈയിൽ ഉരുള്‍പൊട്ടൽ സംഭവത്തിൽ കാലാവസ്ഥ അനുകൂലമായാൽ എയർ ലിഫ്റ്റിങ് നടപടികൾ സ്വീകരിക്കുമെന്ന് ടി സിദ്ദിഖ് എംഎല്‍എ.
വെള്ളാർ മലയിലെ സ്കൂൾ പരിസരം കുത്തി ഒലിച്ചൊഴുകുന്ന വെള്ളത്തിനടിയിൽ ആണ്. ഈ പ്രദേശത്ത് നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.
'രക്ഷാപ്രവർത്തനം ദുഷ്കരമാണ്. വൻ മരങ്ങളും പാറകളും മണ്ണും പുഴയിൽ നിറഞ്ഞൊഴുക്കുകയാണ്. ഇനിയും എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല.
ചൂരൽ മല പാലം പൂർണമായി തകർന്നത് കൊണ്ട് തന്നെ മുണ്ടക്കൈ പ്രദേശത്തേക്കുള്ള രക്ഷാപ്രവർത്തനത്തിന് സാധിക്കുന്നില്ല. മുഖ്യമന്ത്രിയും റവന്യു മന്ത്രിയുമായി സംസാരിച്ച് ചർച്ചകൾ നടക്കുന്നുണ്ട്' അദ്ദേഹം പ്രതികരിച്ചു.
#Wayanad #riots #Steps #taken #war #footing #KCVenugopal