മേപ്പാടി (വയനാട്): (truevisionnews.com) മുണ്ടക്കൈയിലുണ്ടായത് വൻ ഉരുൾപൊട്ടൽ. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരൽമല പാലവും പ്രധാന റോഡും തകർന്നതോടെ ഇവിടെനിന്നുള്ള ഒരു വിവരങ്ങളും ലഭിക്കാനാകാത്ത സാഹചര്യമാണുള്ളത്.
രക്ഷാപ്രവർത്തകർക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ ആയിട്ടില്ല. നിലവിൽ 250 അംഗ എൻഡിആർഎഫ് സംഘം ചൂരൽ പുഴയ്ക്ക് ഇക്കരെയുള്ള ഭാഗത്തെ രക്ഷാപ്രവർത്തനമാണ് നയിക്കുന്നത്.
ചൂരൽമലയിൽ സൈന്യം എത്തിയശേഷം മുണ്ടക്കൈ മേഖലയിലേക്കും ചൂരൽപ്പുഴയ്ക്ക് അക്കരയ്ക്കും എത്തിപ്പെടാനായി താൽക്കാലിക പാലം നിർമിച്ച് രക്ഷാപ്രവർത്തനം നടത്തും.
ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം വ്യോമമാർഗം മാത്രം സാധ്യമാകുന്ന സാഹചര്യമാണ്. രക്ഷാദൗത്യം പ്രതിസന്ധിയിലാണ്. സൈന്യം എത്തിയാൽ ഇവിടെ താൽക്കാലിക പാലം നിർമിക്കാനാണ് നീക്കം.
കുത്തിയൊലിച്ചു വരുന്ന പുഴയിലൂടെ രക്ഷാപ്രവർത്തനം ശ്രമകരമായതിനാൽ ഹെലികോപ്റ്റർ എത്തിക്കാനും സംസ്ഥാനം ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി എയർലിഫ്റ്റിന്റെ സാധ്യത പരിശോധിക്കാൻ സുളൂരിൽനിന്ന് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ അല്പസമയത്തിനകം വയനാട്ടിലെത്തും.
അതേസമയം, പ്രദേശത്ത് കനത്തമഴ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായാൽ ഹെലികോപ്റ്ററുകൾക്ക് പ്രവർത്തിക്കാൻ പരിമിതിയുണ്ടായേക്കും.
ചാലിയാർ പുഴയിൽ നിന്നാണ് പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ കാഴ്ചകൾ ഭീകരമാണെന്ന് നാട്ടുകാർ പറയുന്നു. ഉരുൾപൊട്ടലിന് പിന്നാലെ ഒരു പ്രദേശം തന്നെ കാണാനില്ലെന്ന് നാട്ടുകാരനായ റാഷിദ് പറഞ്ഞു.
'പ്രദേശത്തുണ്ടായിരുന്ന എല്ലാവരും നാട്ടുകാരാണ്.അവരെല്ലാം മണ്ണിനടിയിലാണ്. ഹെലികോപ്ടറിനല്ലാതെ ഒന്നും ചെയ്യാനാകുന്നില്ല. ആദ്യം ചെറുതായാണ് ഉരുൾ പൊട്ടിയത്.
പിന്നീട് രണ്ടുതവണ കൂടി ഉരുൾപൊട്ടുകയായിരുന്നു'. രണ്ടാംതവണ ഭീകരമായാണ് ഉരുൾപൊട്ടിയതെന്നും റാഷിദ് പറയുന്നു. ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട കുടുംബങ്ങളെല്ലാം റിസോർട്ടുകളിലും മദ്രസകളിലും കുടുങ്ങിക്കിടക്കുകയാണ്.
ചില വീടുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവർക്കരികിലേക്ക് എത്താൻ യാതൊരു മാർഗവുമില്ലെന്ന് നാട്ടുകാരനായ നബീൽ പറഞ്ഞു.
'ഇവിടുന്ന് കാണുന്ന കാഴ്ച ഭീകരമാണ്. വീടുകളിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താൻ കഴിയുന്നില്ല.300 ഓളം കുടുംബങ്ങളായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. അതിൽ എത്രപേർ ബാക്കിയുണ്ടെന്ന് അറിയില്ല..' നബീൽ പറഞ്ഞു.
#Abandoned #Mundakai #Unable #enter #rescue #workers #attempt #build #temporary #bridge