ചാലക്കുടി: (www.truevisionnews.com)കണ്ടക്ടർക്ക് ‘സർപ്രൈസ് ആദരവുമായി’ വിദ്യാർത്ഥികൾ. 33 വർഷമായി ഒരേ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന കുറ്റിച്ചിറ സ്വദേശി പടയാട്ടി ആന്റുവിനാണ് ‘സർപ്രൈസ് ആദരം' ഒരുക്കിയത്.
ബസാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങളാണ് ഈ ആദരം സമർപ്പിച്ചത്. കൊച്ചുകടവിൽനിന്ന് ചാലക്കുടിയിലേക്കുള്ള പയ്യപ്പിള്ളി ബസ് പള്ളിബസാർ എത്തിയപ്പോൾ ഒരുകൂട്ടം വിദ്യാർഥികൾ തടഞ്ഞു.
വണ്ടിയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ആന്റു ഒന്ന് പേടിച്ചു. പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം ശരിക്കും ഞെട്ടിയത്. വിദ്യാർഥികൾ ആന്റുവിനെ ഉപഹാരം നൽകി ആദരിക്കാൻ വേണ്ടിയാണ് പുറത്തിറക്കിയത്.
ഒരു കണ്ടക്ടറായ ആന്റുവിനെ ബസാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ ആദരിക്കാൻ കാരണം എന്താണെന്ന് അറിയണ്ടേ. അതിന്റെ കാരണങ്ങൾ പലതാണ്.
33 വർഷമായി ഒരേ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുകയാണ് ആന്റു. ആദരിച്ച വിദ്യാർഥികളുടെ രക്ഷിതാക്കൾ പഠിക്കുന്ന കാലം മുതൽ ഇതേ ബസിലെ കണ്ടക്ടറായി ജോലി ചെയ്യുകയാണ് ആൻ്റു.
തലമുറകളായി പിൻ തുടരുന്ന ആത്മബന്ധം കൂടിയായണ് ഈ ആദരം ഒരുക്കാൻ വിദ്യാർത്ഥികൾ തയ്യാറാക്കുന്നതും. ആന്റുവിന്റെ ചിത്രം പതിച്ച ശിലാഫലകം നൽകി ബസിന് മുൻപിൽ നിന്നായിരുന്നു ആദരം നൽകിയത്.
ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് അർഷാദ്, പി എ അസ്ബക്, മുഹമ്മദ് ഫായിസ്, ഫൈസൽ സലിം എന്നിവരുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ ആദരം സംഘടിപ്പിച്ചത്.
#Antu #Etan #just #come #out #afraid #surprise #respect #conductor