കോട്ടയം: (truevisionnews.com) കുമ്മനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിന്‍റെ നടപ്പന്തലിന് മുകളിലേക്ക് മരം വീണു. 500 വർഷം പഴക്കമുള്ള കാഞ്ഞിര മരം ആണ് കടപുഴകി വീണത്.
കനത്ത മഴയിലും കാറ്റിലുമാണ് സംഭവം. ഈ സമയത്ത് ആളുകൾ ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടമില്ല. ക്ഷേത്രത്തിന്‍റെ ഒരു ഭാഗവും നടപ്പന്തലും മരം വീണ് തകർന്നു.
കനത്ത മഴയിലും കാറ്റിലും കോട്ടയത്ത് പലയിടങ്ങളിലും നാശനഷ്ടമുണ്ടായി. കൂത്താട്ടുകുളം മേഖലയിൽ രണ്ട് വീടുകൾ തകർന്നു. തിരുമാറാടി മണ്ണത്തൂര്‍ പനച്ചിംതടത്തില്‍ ഭവാനി ആനന്ദന്‍റെ വീടിന് മുകളിലേക്ക് മരം വീണു.
വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. തിരുമാറാടി ഭജനമഠത്തിൽ സജീവന്‍റെ വീട്ടിലേക്ക് പ്ലാവ് കടപുഴകി വീണും നാശമുണ്ടായി. കോട്ടയത്ത് ഇലഞ്ഞിയിൽ പെരുമ്പടവം കുന്നുമ്മൽ ബിനുവിന്‍റെ വീടിന് മുകളിലേക്ക് മരം വീണ് വീടിന്‍റെ ഒരു ഭാഗം തകർന്നു.
ഇടയാർ കണിപ്പടി റേഷൻ കടയ്ക്ക് മുൻവശം മരത്തിന്റെ ശിഖരം വൈദ്യുതി ലൈനിൽ വീണ് വൈദ്യുത പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണു. രാമപുരം മേഖലയിൽ കൊണ്ടാട് കവലയിലും രാമപുരത്തുമായി നാല് സ്ഥലങ്ങളിൽ മരം വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.
ചോരക്കുഴി മൺചിറ റോഡ്, അമ്പലക്കുളം മംഗലത്തുതാഴം റോഡ് എന്നിവിടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഓണക്കൂർ പള്ളിമ്യാലിൽ ബെന്നിയുടെ വീടിന് മുകളിൽ കാറ്റിൽ മരം വീണു.
വീടിന് കേടുപാടുകൾ പറ്റിയെങ്കിലും ആർക്കും പരുക്കില്ല. ഓണക്കൂർ പ്രദേശത്ത് നിരവധി മരങ്ങൾ കാറ്റിൽ നിലംപതിച്ചു മരച്ചില്ലകൾ വീണ് പാമ്പാക്കുട കൂത്താട്ടുകുളം ഇലക്ട്രിക് സെക്ഷന്റെ കീഴിൽ വിവിധയിടങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി. കനത്ത കാറ്റിലും മഴയിലും തളിക്കുളം നമ്പിക്കടവിൽ തെങ്ങ് വീണ് വീട് തകർന്നു. മൂന്ന് പേർക്ക് പരിക്കേറ്റു.
#tree #fell #temple #500 #year #old #wormwood #fell #from #trunk