പട്ന: (truevisionnews.com) കനത്ത മഴ തുടരുന്ന ബിഹാറിൽ 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് 25 പേർ മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മധുബാനി, ഔറംഗാബാദ്, സുപോൽ, നാളന്ദ എന്നിവിടങ്ങളിലാണ് കൂടുതൽ പേർ മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി നാല് ലക്ഷം രൂപവീതം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.
ബിഹാർ ദുരന്ത നിവാരണ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം ഈ മാസം മാത്രം ഇടിമിന്നലേറ്റ് 50 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. അനൗദ്യോഗിക റിപ്പോർട്ടുകളനുസരിച്ച് കൂടുതൽ മരണമുണ്ടെന്നാണ് സൂചന.
അടുത്ത ഏതാനും ദിവസത്തേക്ക് കൂടി കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ പരമാവധി വീടനകത്ത് കഴിയണമെന്നും മുന്നറിയിപ്പുണ്ട്.
ബർക്കഗാവിലെ 22 വിദ്യാർഥികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. സ്കൂൾ കെട്ടിടത്തിന് സമീപത്തെ പനയിൽനിന്നാണ് മിന്നലേറ്റത്. ഇവരെ ആരയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവിധയിടങ്ങളിലായി 17 പേർക്ക് കൂടി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. കിഷൻഗഞ്ച്, അരരിയ ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
#Heavy #rains #bihar #25 #people #died #lightning #24hours
