കൽപറ്റ: (truevisionnews.com) ഷുഹൈബ് കൊലക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി വയനാട്ടിലെ പനമരം പട്ടണ മധ്യത്തിലൂടെ അനധികൃതമായി ഓടിച്ച വാഹനം എവിടെ? ദിവസങ്ങൾ കഴിഞ്ഞിട്ടും മോട്ടോർ വാഹനവകുപ്പിനും പൊലീസിനും ഉത്തരമില്ല.
മലപ്പുറം മൊറയൂർ എടപ്പറമ്പ് കുടുംബിക്കൽ ആക്കപ്പറമ്പിൽ സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് ആകാശ് ഓടിച്ച KL 10 BB 3724 എന്ന ചുവന്ന മഹീന്ദ്ര ഥാർ ജീപ്പ്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 6.20നാണ് പനമരം ടൗണിലൂടെ ആകാശ് മറ്റു മൂന്നുപേരുമായി ജീപ്പ് ഓടിച്ചത്. നാല് ടയറുകളും മാറ്റി വീതിയുള്ള വലിയ ടയറുകൾ ഘടിപ്പിച്ച രൂപത്തിലുള്ള ജീപ്പിന്റെ റൂഫ് ഇളക്കിമാറ്റി തുറന്ന നിലയിലായിരുന്നു.
നമ്പർ േപ്ലറ്റ് ഉണ്ടായിരുന്നില്ല. ആകാശും മുൻസീറ്റിലിരുന്നയാളും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. പുകപരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞിട്ടുമുണ്ട്.
2021, 23 വർഷങ്ങളിൽ വിവിധ നിയമ ലംഘനങ്ങള്ക്കുള്ള പിഴ കുടിശ്ശികയുമുണ്ട്. സ്വമേധയാ കേസെടുത്ത ഹൈകോടതി വാഹനം പിടിച്ചെടുക്കണമെന്ന് ഉത്തരവിട്ടിരുന്നുവെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും ജീപ്പ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സംഭവത്തിന് ശേഷം പനമരം കൈതക്കലിലുള്ള വാഹനക്കച്ചവടക്കാരന്റെ വീട്ടുമുറ്റത്ത് ജീപ്പ് കണ്ടിരുന്നു. എന്നാൽ, അന്വേഷണം നടക്കുകയാണെന്നും പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.ആർ. സുരേഷ് പറഞ്ഞു.
അതേസമയം, വാഹനം താൻ പനമരം സ്വദേശിയായ ഷൈജലിന് വിറ്റതാണെന്നും ആർ.സി മാറ്റാനുള്ള പേപ്പറുകളിൽ ഒപ്പിട്ടുനൽകിയിരുന്നുവെന്നുമാണ് സുലൈമാൻ പറയുന്നത്.
നിലവിൽ സുലൈമാനെതിരെയാണ് ഗതാഗതവകുപ്പിന്റെ നടപടികളെല്ലാം. 45,500 രൂപ പിഴയും ചുമത്തി. ലൈസൻസ് ഇല്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകി, വാഹനത്തിൽ രൂപമാറ്റം വരുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണിത്.
ആകാശിന് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്ന് കണ്ണൂർ ആർ.ടി.ഒ റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വാഹന ഉടമക്കെതിരെ പിഴ ചുമത്തുകയാണ് ചെയ്യുകയെന്നും മറ്റു നിയമനടപടികൾ സ്വീകരിക്കേണ്ടത് പൊലീസാണെന്നുമാണ് വാഹനവകുപ്പ് പറയുന്നത്.
വാഹനത്തിനായി അന്വേഷണം നടത്തുന്നുണ്ടെന്ന് പനമരം പൊലീസ് പറഞ്ഞു.
#akashthillenkeri #riding #vehicle? #Even #after #days #no #one #answer