Nov 27, 2024 07:17 PM

തിരുവനന്തപുരം: (truevisionnews.com) കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അല്ല അവസാന വാക്ക് എന്നും നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ കെ.മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. നവീന്റെ കുടുംബത്തോട് ഒപ്പമാണെന്ന് ആവർത്തിച്ചു പറയുമ്പോഴാണ് കുടുംബത്തിന്റെ നിലപാടിനെ പാർട്ടി സെക്രട്ടറി തന്നെ പരസ്യമായി തള്ളിയത്.

നവീൻ ബാബു വിഷയത്തിൽ ഞങ്ങൾ കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. ഇനിയും കൃത്യമായ നിലപാട് സ്വീകരിച്ച് തന്നെ മുന്നോട്ട് പോകും. കുടുംബം കോടതിയിൽ പോയി കോടതി ആവശ്യമായ നിലപാട് സ്വീകരിക്കട്ടെ. അതിൽ ഇടപെടേണ്ട കാര്യമില്ല.

സിബിഐ അന്വേഷണത്തെക്കുറിച്ച് പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനം എന്ന വാക്ക് ഞങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും അംഗീകരിച്ചിട്ടില്ല, ഇന്നും അംഗീകരിച്ചിട്ടില്ല, നാളെയും അംഗീകരിക്കില്ല. സിബിഐ കൂട്ടിൽ കിടക്കുന്ന തത്തയാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടല്ലോ’’–എം.വി.ഗോവിന്ദൻ പറഞ്ഞു

നവീൻ ബാബുവിനെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവും ഭാര്യ ഹർജിയിൽ ഉന്നയിച്ചിരുന്നു. നിർണായക തെളിവുകൾ ശേഖരിക്കാനല്ല, ഒളിപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘം എസ്ഐടി ശ്രമിക്കുന്നതെന്ന ആരോപണവുമുണ്ട്. മരണകാരണത്തെക്കുറിച്ചു സംശയമുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നു ഹർജിയിൽ പറയുന്നു.

താനും കുടുംബാംഗങ്ങളും എത്തുന്നതിനു മുൻപ് തിടുക്കത്തിൽ ഇൻക്വസ്റ്റ് നടത്തിയത് സംശയമുണ്ടാക്കുന്നു. ഇൻക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന നിയമം ലംഘിക്കപ്പെട്ടതായും ഹർജിയിൽ പറയുന്നു.

















#CPI #need #CBI #Naveen #Babu #death

Next TV

Top Stories