ഗുരുഗ്രാം: (truevisionnews.com) അമ്മയുടെ പങ്കാളിയുടെ ക്രൂരമർദ്ദനത്തിൽ ഏഴുവയസുകാരന് ദാരുണാന്ത്യം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്.
ഗുരുഗ്രാമിലെ രാജേന്ദ്ര പാർക്ക് ഏരിയയിൽ കുട്ടികളുടെ അമ്മ വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനു എന്ന കുട്ടിയാണ് മരിച്ചത്.
മരിച്ച കുട്ടിയുടെ സഹോദരനും മർദ്ദനമേറ്റിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ പ്രീത് (8) ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസമാണ് പ്രീതി എന്ന സ്ത്രീയുടെ ലിവിങ് ടുഗെതർ പങ്കാളിയായ വിനീത് ചൗധരി രണ്ട് ആൺകുട്ടികളെയും മർദ്ദിക്കുന്നത്.
കുട്ടികളുടെ പിതാവ് മരിച്ച ശേഷം വിനീതിന്റെ കൂടെയായിരുന്നു ഇവരുടെ താമസമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ വിനീത് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മനുവിനെ എടുത്തുപൊക്കി ചുമരിലെറിഞ്ഞാണ് കൊന്നത്. സഹോദരനായ പ്രീതിനെയും ഇയാൾ ചുമരിലെറിഞ്ഞു. വിവരമറിഞ്ഞെത്തിയ അമ്മ തന്നെയാണ് അയൽവാസികളെ വിവരമറിയിച്ചത്. അയൽവാസികൾ രണ്ടുകുട്ടികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴുവയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ പ്രീത് ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. തന്റെ മകനും പ്രീതിയുടെ ഭർത്താവുമായ വിജയ് കുമാർ കഴിഞ്ഞ വർഷമാണ് മരിച്ചതെന്ന് കുട്ടികളുടെ മുത്തച്ഛൻ പൊലീസിനോട് പറഞ്ഞു.
അദ്ദേഹത്തിന്റെ മരണശേഷം പ്രീതിയും മക്കളും വിനീതിനൊപ്പം താമസം തുടങ്ങി. അമ്മ ഇല്ലാത്ത സമയങ്ങളിൽ വിനീത് കുട്ടികളെ മർദിക്കാറുണ്ടായിരുന്നുവെന്ന് കുട്ടികളുടെ മുത്തച്ഛൻ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ വിനീതിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബിജ്നോർ സ്വദേശിയായ വിനീത് ചൗധരി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
#seven #year #old #boy #met #tragic #end #after #being #brutally #beaten #his #mother's #partner.