Jul 4, 2024 11:06 PM

മുംബൈ: (truevisionnews.com) മുംബൈയെ ഇളക്കിമറിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിക്ടറി മാര്‍ച്ച്.

മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ നടത്തിയ വിക്ടറി മാര്‍ച്ച് കാണാന്‍ ലക്ഷക്കണക്കിനാരാധകരാണ് മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത്.

സൂചികുത്താന്‍ പോലും ഇടമില്ലാതെ തടിച്ചു കൂടി ആരാധകര്‍ക്കിടയിലൂടെ ടീം അംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ബസ് മുന്നോട്ട് പോകാന്‍ പോലും പലപ്പോഴും ബുദ്ധിമുട്ടി.

വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങുമെന്ന് അറിയിച്ച വിക്ടറി മാര്‍ച്ച് കനത്ത മഴയും ആരാധക ബാഹുല്യവും കാരണം തുടങ്ങാന്‍ ഏഴ് മണിയായി.

മറൈൻ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ തുടങ്ങിയ മാര്‍ച്ചില്‍ ഇന്ത്യൻ താരങ്ങള്‍ റോഡിന്‍റെ ഇരുവശങ്ങളിലുമായി തിങ്ങിനിറഞ്ഞ ആരാധകരെ അഭിവാദ്യം ചെയ്തു.

രോഹിത്തിന്‍റെ തോളില്‍ കൈയിട്ട് ബസിന്‍റെ മുന്നിലേക്ക് വന്ന വിരാട് കോലിയും രോഹിത്തിന്‍റെ കൈപിടിച്ച് ആരാധകരെ സാക്ഷിയാക്കി ഒരിക്കല്‍ കൂടി ലോകകപ്പ് കിരീടം ആകാശത്തേക്ക് ഉയര്‍ത്തി.

ഇന്ത്യൻ ആരാധകര്‍ വര്‍ഷങ്ങളായി കാണാന്‍ കൊതിച്ച നിമിഷം. ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ പതാക വീശി മുന്നില്‍ നിന്നപ്പോൾ വിരാട് കോലിയും അക്സര്‍ പട്ടേലും റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമെല്ലാം ആരാധകര്‍ക്കൊപ്പം ആവേശത്തില്‍ പങ്കാളികളായി.

ബിസിസിഐ സെക്രട്ടറി ജയ് ഷായും വൈസ് പ്രസിഡന്‍റ് രാജിവ് ശുക്ലയും കളിക്കാര്‍ക്കൊപ്പം ടീം ബസിലുണ്ടായിരുന്നു.

വിക്ടറി മാര്‍ച്ചിനുശേഷം ആരാധകരെക്കൊണ്ട് നിറഞ്ഞ വാംഖഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് താരങ്ങളെ ആദരിച്ചു. വാംഖഡെയിലെ ആയിരക്കണക്കിന് ആരാധകര്‍ക്കുനേരെ ലോകകപ്പ് ഉയര്‍ത്തിക്കാട്ടി ഹാര്‍ദ്ദിക് തന്നെ കൂവിയവരോട് മധുരമായി പ്രതികാരം വീട്ടി.

ഇന്ന് രാവിലെ ആറരയോടെയാണ് ഇന്ത്യൻ ടീം അംഗങ്ങള്‍ ബോയിംഗ് 777 വിമാനത്തില്‍ ബാര്‍ബഡോസില്‍ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്.

നേരെ ഹോട്ടലിലേക്ക് പോയ ടീം അംഗങ്ങള്‍ പിന്നീട് പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചശേഷമാണ് താരങ്ങള്‍ മുംബൈയിലേക്ക് വിമാനം കയറിയത്.

വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യൻ ടീമിന് വാട്ടര്‍ സല്യൂട് നല്‍കിയാണ് അഗ്നിശമനസേന വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

വാംഖഡെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമായതിനാല്‍ ആയിരക്കണക്കിനാരാധകരാണ് ഉച്ചക്ക് രണ്ട് മണി മുതല്‍ തന്നെ ലോകകപ്പ് ജേതാക്കളെ കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്.

#IndianCricketTeam #Victory #March #Mumbai #hero #welcome #Wankhede

Next TV

Top Stories