സിഡ്‌നി: (truevisionnews.com) വെടിക്കെട്ട് ബാറ്റിംഗുമായി ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായ ഓസ്ട്രേലിയൻ ഓപ്പണര്‍ ഡേവിഡ് വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
ട്വന്‍റി 20 ലോകകപ്പ് 2024ല്‍ സെമി കാണാതെ ഓസീസ് പുറത്തായതോടെയാണ് 37-ാം വയസില്‍ ഡേവിഡ് വാർണറുടെ അന്താരാഷ്‌ട്ര വിരമിക്കൽ സംഭവിച്ചത്.
ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് വാര്‍ണര്‍ നേരത്തെ വിരമിച്ചിരുന്നു. വാര്‍ണറുടെ 15 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനാണ് ഇതോടെ അവസാനമാകുന്നത്.
ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും ഓപ്പണറായി തിളങ്ങിയ താരമാണ് ഡേവിഡ് വാർണർ. ഭയരഹിതമായ ബാറ്റിംഗായിരുന്നു താരത്തിന്‍റെ പ്രധാന സവിശേഷത.
2015, 2023 ഏകദിന ലോകകപ്പിലും 2021 ട്വന്‍റി 20 ലോകകപ്പിലും ഓസ്ട്രേലിയ ജേതാക്കളായപ്പോൾ ടീം അംഗമായിരുന്നു. ഓസീസിന്‍റെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിലും നിർണായക സാന്നിധ്യമായി.
112 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 8786 റണ്‍സെടുത്ത വാര്‍ണര്‍ ഏകദിനത്തില്‍ 161 മത്സരങ്ങളില്‍ നിന്നായി 6932 റണ്‍സെടുത്തു.
രാജ്യാന്തര ട്വന്‍റി20 യില്‍ 110 മത്സരങ്ങളില്‍ നിന്നായി 3277 റണ്‍സുമെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 49 സെഞ്ചുറികളാണ് ഡേവിഡ് വാര്‍ണറുടെ നേട്ടം.
രാജ്യാന്തര കരിയറിലെ അവസാന ഇന്നിംഗ്‌സില്‍ ടീം ഇന്ത്യക്കെതിരെ ആറ് പന്തില്‍ 6 റണ്‍സുമായി പുറത്തായി. പേസര്‍ അര്‍ഷ്‌ദീപ് സിംഗിനായിരുന്നു വിക്കറ്റ്.
ടി20 ലോകകപ്പ് 2024ന്‍റെ സൂപ്പര്‍ 8ല്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് അഫ്‌ഗാനിസ്ഥാന്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്‌തതോടെയാണ് ഓസീസ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായത്.
ഇതോടെ ഡേവിഡ് വാര്‍ണറുടെ രാജ്യാന്തര കരിയറിനും വിരാമമാവുകയായിരുന്നു. ട്വന്‍റി 20 ലോകകപ്പോടെ രാജ്യാന്തര കരിയര്‍ മതിയാക്കുമെന്ന് വാര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സെമി കാണാതെ ലോകകപ്പില്‍ നിന്ന് ഓസീസ് മടങ്ങിയതോടെ ഈ ടൂര്‍ണമെന്‍റില്‍ രണ്ട് മത്സരങ്ങള്‍ കൂടി കളിക്കാമെന്ന വാര്‍ണറുടെ പ്രതീക്ഷയ്ക്കും വിരമാമാവുകയായിരുന്നു.
2009ലായിരുന്നു രാജ്യാന്തര ക്രിക്കറ്റിലേക്ക് ഡേവിഡ് വാര്‍ണറുടെ കടന്നുവരവ്. അരങ്ങേറ്റ മത്സരത്തില്‍ 43 പന്തില്‍ 89 റണ്‍സുമായി ശ്രദ്ധനേടി.
#Notable #cricket #world #fireworks #batting #Aussie #opener #DavidWarner #retired