തിരൂര്‍ :(www.truevisionnews.com) നാലുവര്‍ഷം മുന്‍പ് പത്താംക്ലാസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനിടയില്‍ മുഹമ്മദ് ഹിജാസിനോട് ഭാവിയില്‍ ആരാകാനാണ് ആഗ്രഹമെന്ന് ക്ലാസ് ടീച്ചര്‍ ചോദിച്ചു.
ഹിജാസിന്റെ മറുപടി പട്ടാളക്കാരനാകണമെന്നായിരുന്നു. സ്‌കൂള്‍ ലീഡറായ ഹിജാസിന്റെ മറുപടികേട്ട് കൂട്ടുകാരും ക്ലാസ് ടീച്ചറും കൈയടിച്ചു. പിന്നീട് ടീച്ചര്‍ പറഞ്ഞുകൊടുത്തത് പട്ടാളക്കാരനാകാനുള്ള വഴികളായിരുന്നു.
പരിശീലനത്തെപ്പറ്റിയും അതിനുവേണ്ട യോഗ്യതയെക്കുറിച്ചുമായിരുന്നു.ആഗ്രഹം സഫലമാവട്ടെ എന്നാശംസിച്ച് ടീച്ചര്‍ യാത്രാക്കിയ മുഹമ്മദ് ഹിജാസ് പിന്നെ ക്ലാസ് ടീച്ചറെയും കൂട്ടുകാരെയും കാണാന്‍ വിദ്യാലയത്തിലേക്കെത്തിയത് പട്ടാളക്കാരനായിട്ടാണ്.
പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ സി.പി. മുഹമ്മദ് ഹിജാസ് പഠിച്ച വിദ്യാലയത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്.ഇന്ത്യന്‍ ആര്‍മിയില്‍ സെലക്ഷന്‍ ലഭിച്ച് പരിശീലനം പൂര്‍ത്തിയാക്കി പോസ്റ്റിങ് ലഭിച്ച ശേഷമാണ് മുഹമ്മദ് ഹിജാസ് പട്ടാളവേഷത്തില്‍ പഠിച്ച വിദ്യാലയത്തിലെ കൂട്ടുകാരെയും അധ്യാപകരെയും കാണാനും തന്റെ അനുഭവങ്ങള്‍ പങ്കുവെക്കാനുമായി എത്തിയത്.
ഡിഗ്രി ഒന്നാംവര്‍ഷ പഠനസമയത്ത് തിരൂര്‍ ഡിവൈ.എസ്.പി.യായിരുന്ന വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ തീരദേശത്തെ യുവാക്കള്‍ക്ക് ഭാവി സുരക്ഷിതമാക്കാന്‍ ഇന്‍സൈറ്റ് എന്നപേരില്‍ പരിശീലനക്യാമ്പുകള്‍ നടത്തിയിരുന്നു.
ഇന്‍സൈറ്റിന്റെ പരിശീലനങ്ങള്‍ ഹിജാസിന് ഏറെ സഹായകരമായി. കുടെയുള്ളവര്‍ ഇടയ്ക്കുവെച്ച് പരിശീലനത്തില്‍ പിന്നോട്ടുപോയെങ്കിലും ഹിജാസ് തന്റെ ആത്മവിശ്വാസം കൈവിട്ടില്ല. പരിശീലനവും പഠനവും തുടര്‍ന്നു.
മറാത്ത റെജിമെന്റിനു കീഴില്‍ ഹിമാചലിലാണ് ആദ്യനിയമനം ലഭിച്ചിരിക്കുന്നത്.
പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സംവദിച്ച മുഹമ്മദ് ഹിജാസ് ഒരു പട്ടാളക്കാരനാകുക എന്ന തന്റെ ആഗ്രഹസാഫല്യത്തിനായി നടത്തിയ ശ്രമങ്ങളെയും വഴികളെയും പറ്റി വിദ്യാര്‍ഥികളോട് വിവരിച്ചു.
പ്രഥമാധ്യാപകന്‍ ടി. മുനീര്‍, റസാക്ക് പാലോളി, വി.എസ്. ജിഷ, ഒ. ഹുസ്ന, ഫാത്തിമ സൈദ, സുജന, ആഷില, ബദരിയ, അതിക, ഇന്‍സൈറ്റ് അക്കാദമി കോഡിനേറ്റര്‍ ത്വാഹിര്‍ അലി തുടങ്ങിയവര്‍ സംബന്ധിച്ചു.
#muhammadhijas #became #soldier #fulfills #dream