(truevisionnews.com) രാജസ്ഥാനിലെ ഒരു ഹോട്ടൽമുറിയിൽ റെസ്റ്റ്റൂം ഉപയോഗിക്കാൻ കനത്ത തുക ഈടാക്കിയ ഹോട്ടലിനെതിരെ പോസ്റ്റുമായി മാധ്യമ പ്രവർത്തക. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വാർത്താ ചാനലിൽ ജോലി ചെയ്യുകയാണ് മേഘ ഉപാധ്യായ, 'ഒരു വാഷ്‌റൂം ഉപയോഗിക്കാൻ 805 രൂപ. മനുഷ്യത്വം എവിടെ?' എന്ന കാപ്ഷനോടെയാണ് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ മേഘ തന്റെ അനുഭവം വിവരിച്ചത്.

'ഒരു ടോയ്‌ലറ്റ് ഉപയോഗിക്കാൻ മാത്രം ഞാൻ 805 രൂപ കൊടുത്തു. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്' എന്നാണ് മേഘ കുറിച്ചിരിക്കുന്നത്. മേഘയുടെ അമ്മയുടെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു ഖാട്ടു ശ്യാം ക്ഷേത്രം സന്ദർശിക്കുക എന്നത്. അതിന്റെ ഭാഗമായിട്ടാണ് മേഘയുടെ കുടുംബം ഇവിടെ എത്തിയത്.രാവിലെ ആറ് മണിക്കാണ് അവർ ദർശനത്തിന് വേണ്ടി ക്ഷേത്രത്തിലേക്ക് പോയത്. ക്ഷേത്രത്തിൽ നീണ്ട ക്യൂ ആയിരുന്നു. അതിൽ നിൽക്കുന്നതിനിടയിൽ തന്റെ അമ്മയ്ക്ക് വയ്യാതെയായി എന്നാണ് അവൾ പറയുന്നത്.
വയറുവേദന വന്നു, ഛർദ്ദിക്കാനും ഒക്കെ തോന്നി. മേഘയുടെ അച്ഛൻ റെസ്റ്റ്റൂമിന് വേണ്ടി അവിടെയാകെ പരതി. കുറച്ച് പൊതു കുളിമുറി ഒക്കെ ഉണ്ടായിരുന്നുവെങ്കിലും ശരിയായ റെസ്റ്റ്റൂം ഇല്ലായിരുന്നു. അങ്ങനെയാണ് അവർ ഓടി അടുത്തുകണ്ട ഒരു ഹോട്ടലിൽ കയറുന്നത്. ഒരു അഞ്ച് പത്തു മിനിറ്റ് നേരത്തേക്ക് റെസ്റ്റ്റൂം ഉപയോഗിക്കാൻ അനുവദിക്കാമോ എന്ന് അവർ അവിടെ അന്വേഷിച്ചു. അവർ പറഞ്ഞത് അനുവദിക്കാം പക്ഷേ 800 രൂപ നൽകണം എന്നാണ്. അമ്മയുടെ അവസ്ഥ കണ്ടുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത്. തങ്ങളുടെ ഹോട്ടൽ ദൂരെ ആയിരുന്നു. അങ്ങനെ വേറെ വഴി ഇല്ലാതെ 800 രൂപ കൊടുക്കാൻ സമ്മതിച്ചു. അവസാനം അവിടെ നിന്ന് പോകുമ്പോൾ അച്ഛൻ ബില്ല് ചോദിച്ചപ്പോൾ 805 രൂപയുടെ ബില്ലാണ് അവർ നൽകിയത് എന്നും മേഘയുടെ പോസ്റ്റിൽ പറയുന്നു.
സമാധാനം, കരുണ, വിശ്വാസം ഇവയെല്ലാം തേടി നാം ചെല്ലുന്ന ഒരിടത്താണ് ഇത്തരം ഒരു അനുഭവം എന്നാണ് അവൾ പറയുന്നത്. മേഘയുടെ നിരാശ പോസ്റ്റിലുടനീളം കാണാം. നിരവധിപ്പേരാണ് അവളുടെ ലിങ്ക്ഡ്ഇൻ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പലരും സംഭവത്തിൽ നിരാശ പ്രകടിപ്പിച്ചു.ഒരു യൂസർ 1867 -ലെ ഇന്ത്യൻ സറൈസ് ആക്ടിനെക്കുറിച്ചും (Indian Sarais Act, of 1867) കമന്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെവിടെയും എല്ലാവർക്കും സൗജന്യമായി ശൗചാലയം ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമമാണിത്.
using restroom hotel woman shares bad experience
