Jun 15, 2024 01:30 PM

തിരുവനന്തപുരം: ( www.truevisionnews.com ) എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായത് സിപിഎമ്മിന്റെ മൗനാനുവാദത്തോടെയാണെന്നും എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാട്ടാന്‍ സിപിഎമ്മിനും പിണറായി വിജയനും മാത്രമേ സാധിക്കൂവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

എല്‍ഡിഎഫിലും മന്ത്രിസഭയിലും ജെഡിഎസ് തുടരുന്നത് ഏതു സാഹചര്യത്തിലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘‘ദേശീയ അധ്യക്ഷന്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി കേന്ദ്രമന്ത്രിയായ പാർട്ടി, എല്‍ഡിഎഫിന്റെ ഭാഗമായി കേരള മന്ത്രിസഭയിലും പ്രാതിനിധ്യം തുടരുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നത്. അന്നുമുതല്‍ ഇന്നുവരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല.

‘‘ജെഡിഎസിനെ മുന്നണിയില്‍നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു. സിപിഎമ്മിന്റെ മൗനാനുവാദത്തോടെയാണ് എച്ച്.ഡി. കുമാരസ്വാമി എന്‍ഡിഎ പാളയത്തില്‍നിന്നും കേന്ദ്രമന്ത്രിയായത്. എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി കോണ്‍ഗ്രസിനേയും യുഡിഎഫിനെയും മോദി വിരുദ്ധത പഠിപ്പിക്കേണ്ട.

‘‘എന്‍ഡിഎ ഘടകകക്ഷിയായ ജെഡിഎസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍ഡിഎഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സിപിഎമ്മാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള്‍പോലെ തലയ്ക്കു മുകളില്‍ നില്‍ക്കുമ്പോള്‍ ജെഡിഎസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും. കേരളത്തിലും എന്‍ഡിഎ– എല്‍ഡിഎഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്.

‘‘അധാര്‍മികമായ രാഷ്ട്രീയ നീക്കത്തെ മുന്നണിയിലെ മറ്റൊരു ഘടകകക്ഷി കടുത്ത ഭാക്ഷയില്‍ വിമര്‍ശിച്ചിട്ടും മുഖ്യമന്ത്രിയും എല്‍ഡിഎഫ് നേതൃത്വവും മൗനം തുടരുന്നത് ദുരൂഹമാണ്.’’ – വി.ഡി. സതീശന്‍ പറഞ്ഞു.

#vdsatheesan #accuses #cpm #double #standards #supporting #jds

Next TV

Top Stories










Entertainment News