തലശ്ശേരി: ( www.truevisionnews.com ) പാലക്കാട് അഗളിയിൽനിന്ന് തലശ്ശേരിയിലെത്തി കൊട്ടിയൂർ തിരക്കിനിടയിൽ തീർഥാടകരുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന മധ്യവയസ്കനെ തലശ്ശേരി പൊലീസ് പിടികൂടി.
അഗളി കല്ലുമലയിലെ പുളിച്ചിക്കൽ സിദ്ദീഖാണ് (55) പിടിയിലായത്. കഴിഞ്ഞ ദിവസം തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽനിന്നാണ് ഇയാൾ പിടിയിലായത്.
കുടുംബത്തോടൊപ്പം കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പോകാനായി ബസ് കയറാൻ നിൽക്കുകയായിരുന്ന പട്ടാമ്പിയിലെ ചന്ദ്രന്റെ പോക്കറ്റിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുന്നതിനിടയിലാണ് പ്രതിയെ തലശ്ശേരി പൊലീസ് കൈയോടെ പിടികൂടിയത്.
കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിദ്ദീഖിന് മൊബൈലുകളോട് വലിയ ഇഷ്ടമാണെന്നും ഉപയോഗിച്ച് രസിക്കാനല്ല, വിറ്റു പണമാക്കാനാണ് മോഷ്ടിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
മോഷ്ടിക്കുന്ന മൊബൈലുകൾ പാലക്കാട്, കോയമ്പത്തൂർ തെരുവുകളിലാണ് കിട്ടിയ പണത്തിന് കൈമാറുന്നത്. ഇതിനകം നിരവധി മൊബൈൽ ഫോണുകൾ സിദ്ദീഖ് തട്ടിയെടുത്ത് വിൽപന നടത്തിയിട്ടുണ്ട്. മോഷ്ടിച്ചെടുക്കുന്ന ഫോണുകൾ ഞൊടിയിടയിൽ സ്വിച്ച് ഓഫ് ചെയ്യുകയാണ് ഇയാളുടെ രീതി.
#mobile #phone #stolen #rush #turned #off #hurry #middle #agedman #arrested