മലപ്പുറം: (truevisionnews.com) നീറ്റ് പരീക്ഷ സംബന്ധിച്ച് വിദ്യാർഥികൾ ഉന്നയിക്കുന്ന പരാതികളും അവർക്കുണ്ടായിരിക്കുന്ന ആശങ്കകളും പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു.
റാങ്ക് നിർണ്ണയത്തിലും മാർക്ക് നൽകിയതിലും കാണപ്പെടുന്ന പൊരുത്തക്കേടുകളും അസ്വാഭാവികതകളും ആശങ്കയുണർത്തുന്നതാണ്.
67 പേർക്ക് ഒറ്റയടിക്ക് ഒന്നാം റാങ്ക് പതിച്ചുനൽകിയത് തന്നെ ഒട്ടേറെ സംശയങ്ങൾ ഉളവാക്കുന്നുണ്ട്.
രണ്ട്-മൂന്ന് വർഷക്കാലത്തെ കഠിനമായ പഠനത്തിനും പ്രയത്നത്തിനും ശേഷം പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിലേക്കും വികാസത്തിലേക്കുമുള്ള സൂചികയാണ് നീറ്റ് പരീക്ഷ.
വിദ്യാർഥികളുടെ ഭാവികൊണ്ട് പന്താടുന്ന ഒരു സാഹചര്യവും ഉണ്ടായിക്കൂടാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾക്ക് കണ്ണീര് സമ്മാനിക്കുന്ന തരത്തിൽ വല്ല അന്യായവുമുണ്ടായിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടതുണ്ട്.
അതിനാൽ ഇപ്പോഴുണ്ടായിരിക്കുന്ന സംശയങ്ങളുടെയും ഉത്കണ്ഠകളുടെയും മറനീക്കി കാര്യങ്ങൾ സുതാര്യമാക്കേണ്ടതുണ്ട്.
പരാതികളുയർന്ന സാഹചര്യത്തിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ആവശ്യമായ പരിരക്ഷ ഉറപ്പുവരുത്തുന്ന സത്വര നടപടികളുണ്ടാകണമെന്ന് സമദാനി ആവശ്യപ്പെട്ടു.
#NEETExam: #Urgent #action #needed #resolve #students' #grievances - #Samadani