May 30, 2024 03:38 PM

കോഴിക്കോട്: ( www.truevisionnews.com ) കാഫിർ പ്രയോഗത്തിലെ പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി കെ മുരളീധരൻ എം പി. കേരളത്തിലെ പൊലീസ് ഒന്നിനും കൊള്ളാത്തവരായി മാറിയെന്നും ഗുണ്ടകളുടെ അടിമപ്പണി ചെയ്യുകകയാണ് പോലീസ് എന്നും മുരളീധരൻ പറഞ്ഞു.

കാഫിർ പ്രചരണത്തിലെ പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അങ്ങനെ സമീപിച്ചാൽ കേസിൽ പോലീസ് തന്നെ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ 'കാഫിര്‍' പ്രചാരണം നടത്തിയവരെ കണ്ടെത്തുക എന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നടത്തിയ എസ്.പി. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു മുരളീധരന്‍.

'ആരുടെയൊക്കെയോ സമ്മർദത്തിന്റെ ഫലമായി പോലീസ് കേസ് എടുക്കുന്നില്ലെന്നും എം എസ് എഫ് പ്രവർത്തകൻ തന്നെ തന്റെ പേരിൽ വ്യാജ വാർത്ത വന്നിട്ടുണ്ടെന്ന് പറഞ്ഞ് പോലീസിനോട് ആവശ്യപ്പെട്ടിട്ട് പോലും പോലീസ് നടപടി സ്വീകരിക്കാത്തത് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ സമ്മർദ്ദം കൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു'.

നാലാം തിയ്യതിക്കുള്ളിൽ കേസെടുത്തില്ലെങ്കിൽ ഒരു സ്വകാര്യ കേസ് എന്ന നിലയിൽ മുന്നോട്ട് പോകാനാണ് വടകരയിലെ യു ഡി എഫ്, ആർ എം പി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ കേസ് മുന്നോട്ട് പോയാൽ കോടതിയിൽ ഈ കേസ് അന്വേഷിക്കാതെ പൊലീസ് കേസ് അട്ടിമറിക്കുന്നു എന്ന വിവരം കോടതിയെ അറിയിക്കുമെന്നും. അതിന്റെ മറുപടി പോലീസിനെതന്നെ കോടതിയിൽ പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

അന്ന് ഇവരെ രക്ഷിക്കാൻ ഒരു പിണറായിയും ഉണ്ടാവില്ലെന്നും ഈ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ഹമാസ് വിരുദ്ധ പ്രസ്താവന നടത്തിയപ്പോള്‍ ടീച്ചര്‍ അന്ന് കരുതിയില്ല, വടകരയില്‍ സ്ഥാനാര്‍ഥിയാവുമെന്ന്. അതിന്റെ വികാരം ഈ നിയോജക മണ്ഡലത്തിലും കേരളത്തിലും ഒക്കെ ഉണ്ടായിട്ടുണ്ട്. അത് തന്നെ വേട്ടയാടുന്നു എന്ന തോന്നലിലാണ്, എന്നാല്‍പ്പിന്നെ മറ്റെന്തെങ്കിലും ഉണ്ടാക്കാന്‍ ശ്രമിക്കാം എന്ന് കരുതിയത്.

ടീച്ചറുടെ തന്നെ ബുദ്ധിയില്‍ ഉദിച്ചതാണോ എന്ന് അറിയില്ല. ഏതായാലും ഏതോ ചില ജനാധിപത്യവിരുദ്ധര്‍ ഇങ്ങനെ ചില പ്രവൃത്തി നടത്തി എം.എസ്.എഫുകാരന്റെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചു. അത് താനല്ല, നടപടി വേണമെന്ന് ആ വ്യക്തിതന്നെ പോലീസില്‍ പരാതിയും നല്‍കി. ഈ സാഹചര്യത്തില്‍ വര്‍ഗീയ പ്രചാരണത്തില്‍ കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി എടുത്തില്ലെങ്കില്‍ ഭാവിയില്‍ സമരം ശക്തമാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

മേലിലെങ്കിലും ഇത്തരം പ്രവൃത്തികള്‍ ചെയ്യരുതെന്നേ പറയാനുള്ളൂ. നാലാം തീയതി കഴിഞ്ഞാല്‍ ഞങ്ങള്‍ വീണ്ടും കേസ് കൊടുക്കും. പരാതിയില്‍ കേസ് കൃത്യമായി അന്വേഷിക്കാത്തതിന് പോലീസിനെയും പ്രതിചേര്‍ക്കും. കേസ് അന്വേഷിക്കാത്തതില്‍ അകത്ത് പോകുന്നത് പിണറായി വിജയന്‍ ആയിരിക്കും. എല്ലാ കാലവും പിണറായി വിജയന്‍ സംരക്ഷിക്കുമെന്ന് ആരും കരുതേണ്ട. രണ്ട് കൊല്ലം കഴിഞ്ഞാല്‍ പിണറായി വിജയന്‍ വല്ല അയര്‍ലണ്ടിലേക്കും പോകും. അതിന് ഇപ്പോള്‍ത്തന്നെ അദ്ദേഹം പരിശീലനം നടത്തിയിട്ടുണ്ട്. ഭാവിയില്‍ താമസിക്കാനുള്ള കേന്ദ്രങ്ങളെല്ലാം പിണറായി വിജയന്‍ ഇപ്പോള്‍ത്തന്നെ നോക്കിവെച്ചിട്ടുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു.

കേരളാപോലീസ് എന്നുപറയുന്നത് ഒന്നിനും കൊള്ളാത്തവരും ഗുണ്ടകളുടെ അടിമപ്പണി ചെയ്യുന്നവരുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. ആഭ്യന്തരത്തിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിക്കോ, ഡി ജി പി ക്കോ അധികാരികൾക്കോ ഒന്നും തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും ഇത്രയും കുത്തഴിഞ്ഞ സംവിധാനം വേറേയില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പോലീസ്‌ സ്റ്റേഷനിൽ പോകുന്നതിലും നല്ലത് ഗുണ്ടകളെ സമീപിച്ചാൽ മതിയെന്നും, കേരളത്തിൽ ഗുണ്ടാവിളയാട്ടമാണ് നടക്കുന്നതെന്നും, ഇതിനൊക്കെ തിരിച്ചടി അതിന്റെ സൂചനകൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാണുമെന്നും അദ്ദേഹം പരിഹസിച്ചു.

സി.പി.എം. ജില്ലാ കമ്മറ്റി പറഞ്ഞത് 1200 വോട്ടിനെങ്കിലും ടീച്ചര്‍ ജയിക്കും എന്നാണ്. അതുകൊണ്ട് ഷാഫി ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും. ആഹ്ലാദ പ്രകടനം അധികം വേണ്ടെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിതന്നെ പറയാന്‍ കാരണം, അവര്‍ക്ക് ആഹ്ലാദ പ്രകടനം നടത്തേണ്ടിവരില്ല എന്ന് അറിയാവുന്നതുകൊണ്ടാണ്. ഇത്തവണ ആഹ്ലാദ പ്രകടനം വേണ്ടെന്ന് എല്‍.ഡി.എഫ്. പറയാന്‍ ശ്രമിച്ചപ്പോള്‍ ഏഴുമണിവരെയെങ്കിലും പ്രകടനം നടത്താന്‍ അനുമതി വേണം എന്നുപറഞ്ഞത് യു.ഡി.എഫ്. പ്രതിനിധികളാണെന്നും മുരളീധരന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിനായി കന്യാകുമാരിയില്‍ എത്തിയതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്ന് 100 ശതമാനവും ഉറപ്പായപ്പോഴാണ് മോദി ധ്യാനമിരിക്കാന്‍ പോയത്. അദ്ദേഹം എന്തിനാ ഇന്നേ ധ്യാനമിരിക്കാന്‍ പോയത്, മറ്റന്നാല്‍ കഴിഞ്ഞിട്ട്, തിരഞ്ഞെടുപ്പ് ഫലം വന്നശേഷം പോയാല്‍ മതിയാരുന്നില്ലേ. സ്വന്തം നിയോജക മണ്ഡലത്തില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് മോദി ധ്യാനം ഇരിക്കുന്നത്. അതേസമയം, പിണറായി വിജയന് ദൈവവിശ്വാസം ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന് ധ്യാനമിരിക്കാന്‍ പറ്റില്ല. അതുകൊണ്ട് അദ്ദേഹം വല്ല വിദേശത്തേക്കുമായിരിക്കും പോകുക, കെ. മുരളീധരന്‍ പരിഹസിച്ചു.

#Kafir #practice #investigation #drags #due #pressure #ChiefMinister #Ministers #KMuraleedharan

Next TV

Top Stories