തിരുവനന്തപുരം:( www.truevisionnews.com ) മുല്ലൂര്‍ത്തോട്ടം ആലുമൂട് വീട്ടില്‍ ശാന്തകുമാരിയെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു കടന്നുകളഞ്ഞ പ്രതികളെ അതിവേഗം പിടികൂടുന്നതിന് നിര്‍ണായകമായത് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിക്കു തോന്നിയ സംശയം.

മുട്ടയ്ക്കാട് പ്രായപൂര്‍ത്തിയാകാത്ത പെന്‍കുട്ടി തലയ്ക്കടിയേറ്റു മരിച്ച സംഭവത്തില്‍ സാക്ഷിയായിരുന്ന റഫീക്കയെ വിജിതയെന്ന പൊലീസുകാരി തിരിച്ചറിഞ്ഞതോടെ അന്വേഷണത്തില്‍ വഴിത്തിരിവായി.
പിന്നീടു നടന്ന ചോദ്യം ചെയ്യലില്‍ സാക്ഷി തന്നെ പ്രതിയായി മാറി. 14കാരി കൊല്ലപ്പെട്ട കേസില്‍ റഫീക്ക ഒന്നാം പ്രതിയും മകന്‍ ഷെഫീക്ക് രണ്ടാം പ്രതിയുമായി. ശാന്തകുമാരിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനുള്ള ശ്രമം പൊലീസ് വളരെ കൃത്യതയോടെയാണ് പൊളിച്ചത്. കൃത്യം പുറത്തറിഞ്ഞു മണിക്കൂറിനുള്ളില്‍ പ്രതികള്‍ വിഴിഞ്ഞം പൊലീസിന്റെ വലയിലായി.
സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമത്തിലെ ചിത്രവും പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണായക തെളിവായി. ശാന്തകുമാരി കൊല്ലപ്പെട്ട മുല്ലൂരിലെ വാടക വീടിന്റെ തട്ടിന്‍പുറത്തുനിന്നു രക്തത്തുള്ളികള്‍ വീഴുന്നെന്ന വിവരത്തെ തുടര്‍ന്നാണ് വിഴിഞ്ഞം പൊലീസ് സ്ഥലത്ത് എത്തിയത്.
സംഭവ ദിവസം വാടകക്കാര്‍ വീട് ഒഴിയുമെന്നു പറഞ്ഞിരുന്നുവെങ്കിലും താക്കോല്‍ നല്‍കാത്തത് സംശയത്തിനിടയാക്കി. തട്ടിന്‍പുറത്തെ പരിശോധനയില്‍ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
കേസില്‍ ഒന്നാം പ്രതിയായ റഫീക്ക കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം സംശയിച്ചത്. കൂടെ താമസിച്ചിരുന്ന അല്‍ അമീന്‍ അവരെ കൊലപ്പെടുത്തി എന്ന് സംശയിച്ച് ആ വഴിക്ക് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ അയല്‍വീട്ടിലെ വയോധികയെ കാണാനില്ലെന്ന വിവരം പൊലീസിനു ലഭിച്ചു. ഇതോടെ കൊല്ലപ്പെട്ടതു ശാന്തകുമാരിയാണെന്നു പൊലീസ് സ്ഥിരീകരിച്ചു.
വാടകക്കാരെ കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ അന്വേഷണത്തിനിടെ പ്രതികള്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്തിയതു സംബന്ധിച്ചു ദൃശ്യങ്ങളും ലഭിച്ചു. പ്രതികളിലൊരാളുടെ സുഹൃത്തിന്റെ സമൂഹമാധ്യമത്തിലെ ചിത്രം പരിശോധിച്ചാണ് പ്രതികളെയെല്ലാം തിരിച്ചറിഞ്ഞത്. പ്രതികളെ കണ്ടെത്താന്‍ വഴികളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കി.
ഇവരുടെ ഫോട്ടോകളുമായി നഗരത്തിലേക്കു പാഞ്ഞ പൊലീസ് സംഘം അധികം വൈകാതെ മൂവരെയും കുടുക്കുകയായിരുന്നു. ബസില്‍ പ്രതികള്‍ സഞ്ചരിക്കുന്നതിന്റെ വിവരങ്ങള്‍ ലഭിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശാന്തകുമാരിയെ കൊലപ്പെടുത്താന്‍ ദിവസങ്ങള്‍ക്കു മുന്‍പ് തയാറെടുത്ത പ്രതികള്‍ക്ക് പക്ഷേ, മൃതദേഹം ഒളിപ്പിക്കുന്നതില്‍ പിഴച്ചു.
മയക്കിക്കിടത്തിയ ശേഷം സ്വര്‍ണാഭരണം കവരാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. വാടകയ്ക്ക് വീടെടുക്കുമ്പോള്‍ ഒരാള്‍ മകനാണെന്നും രണ്ടാമന്‍ സഹോദരന്റെ പുത്രനാണെന്നുമാണ് വീട്ടുടമയോട് റഫീക്ക പറഞ്ഞിരുന്നത്. ശാന്തകുമാരിയും റഫീക്കയും നല്ല സൗഹൃദത്തിലായിരുന്നു.
ശാന്തകുമാരിയില്‍ നിന്നും പതിനായിരത്തോളം രൂപ റഫീക്ക കടം വാങ്ങിയിരുന്നതായും തിരികെ നല്‍കുന്നതിനു പകരം ഒരു കട്ടിലും പാത്രങ്ങളും നല്‍കിയെന്നും ശാന്തകുമാരിയുടെ മകന്‍ എന്‍.സനില്‍കുമാര്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഈ ബന്ധം മുതലെടുത്താണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്.
സംഭവ ദിവസം വീട് ഒഴിയുമെന്ന് വീട്ടുടമയെ അറിയിച്ച് സാധനങ്ങള്‍ പായ്ക് ചെയ്തു വച്ചു. കൃത്യത്തിനു ശേഷം ആഭരണങ്ങള്‍ വിറ്റു കിട്ടുന്ന തുകയുമായി പാലക്കാട്ടേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ മൃതദേഹം ഒളിപ്പിക്കുന്നത് പാളിയത് പ്രതികളെ വേഗം കുടുക്കാനിടയാക്കി. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായത് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനും തടസ്സമായി.
അന്നത്തെ ഫോര്‍ട്ട് അസി.കമ്മിഷണര്‍ എസ്.ഷാജി, വിഴിഞ്ഞം എസ്എച്ച്ഒ ആയിരുന്ന പ്രജീഷ് ശശി എന്നിവരുടെ നേതൃത്വത്തില്‍ പല വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ശാന്തകുമാരിയെ കൊലപ്പെടുത്തുന്നതിന് ഒരു വര്‍ഷം മുന്‍പ് 2021 ജനുവരി 14ന് കോവളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ മൂവരും പ്രതികളാണ്.
ഇരുമ്പ് ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഈ കേസിലെ വിചാരണ തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ഉടന്‍ തുടങ്ങും.
ഈ പെണ്‍കുട്ടിയെ ഷെഫീഖ് ബലാത്സംഗം ചെയ്തിരുന്നു. ബലാത്സംഗ വിവരം പുറത്തറിയാതിരിക്കാനാണ് അയല്‍വാസികളായ മൂന്നു പ്രതികളും ചേര്‍ന്നു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.
#santhakumari #murder #case #updates
