സിംഗപ്പൂർ: (truevisionnews.com) സിംഗപ്പൂരിൽ കോവിഡ് വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ട്. മെയ് 5 മുതൽ 11 വരെ 25,900-ലധികം കേസുകൾ രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
കോവിഡ് 19 ന്റെ ഒരു പുതിയ തരംഗമാണ് സിംഗപ്പൂരിൽ പടർന്നുപിടിക്കുന്നത്. രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കോവിഡ് വ്യാപന തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് തങ്ങളെന്നും അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളിൽ തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് ദി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
ദിവസേന കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 181 ൽ നിന്ന് 250 ആയി ഉയർന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയർന്നതിനാൽ ആശുപത്രികളിൽ ആവശ്യമായ കിടക്കകളും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കുറക്കണമെന്നും ഗുരുതരമല്ലാത്ത രോഗികളെ വീട്ടിലേക്ക് തിരിച്ചയക്കണമെന്നും അല്ലെങ്കിൽ മൊബൈൽ ഇൻപേഷ്യന്റ് കെയർ ഡെലിവറി മോഡൽ വഴി ചികിത്സ തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
60 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളാൽ വലയുന്നവർ, വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സിൽ എടുക്കാത്തവർ സുരക്ഷയുടെ ഭാഗമായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
#Another #wave #covid; #cases #week, #instructions #wear #masks