ന്യൂഡല്‍ഹി: (truevisionnews.com) 2023 ലോകകപ്പില്‍ പാകിസ്താനെതിരേ ഓറഞ്ച് ജേഴ്‌സിയില്‍ കളിക്കാന്‍ ബിസിസിഐ ഇന്ത്യന്‍ ടീമിനെ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ട്.
പ്രമുഖ കായിക മാധ്യമപ്രവര്‍ത്തക ശാരദ ഉഗ്ര ക്രിക്കറ്റ് മാധ്യമമായ 'വിസ്ഡനി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വെളിപ്പെടുത്തല്‍.
ഇക്കാര്യം കളിക്കാര്‍ എതിര്‍ത്തതോടെ ബോര്‍ഡ് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
2023 ഒക്ടോബര്‍ 14-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരുന്നു ഇന്ത്യ - പാകിസ്താന്‍ പോരാട്ടം.
ഈ മത്സരത്തിന് ദിവസങ്ങള്‍ക്കു മുമ്പുതന്നെ മത്സരത്തില്‍ ടീമിന്റെ ജേഴ്‌സിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശമുണ്ടെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ബിസിസിഐ തന്നെ അന്ന് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. ആ ബോര്‍ഡ് തന്നെ അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമം നടത്തിയെന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തുവന്ന ലേഖനം.
നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ നീല ജേഴ്‌സിയിലാണ് ഇന്ത്യ വളരെക്കാലമായി കളിക്കുന്നത്. എന്നാല്‍ 2019 ലോകകപ്പില്‍ നീല നിറത്തിനൊപ്പം ഓറഞ്ച് നിറത്തിലുള്ള സ്ട്രിപ്പ് ലൈനുകളും ജേഴ്‌സിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പിന്നാലെ പരിശീലനത്തിനും യാത്രയിലും ഉപയോഗിക്കാനായി പൂര്‍ണമായും ഓറഞ്ച് നിറത്തിലുള്ള ജേഴ്‌സികളായിരുന്നു നല്‍കിയിരുന്നത്.
ഇതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ടീമിനെയും ബിസിസിഐയേയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ഈ വിവാദം കെട്ടടങ്ങിയതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രത്യേകിച്ചും പാകിസ്താനെതിരായ മത്സരത്തില്‍ തന്നെ ഇന്ത്യന്‍ ടീമിനോട് ഓറഞ്ച് ജേഴ്‌സി ധരിക്കാന്‍ ആവശ്യപ്പെട്ടെന്ന തരത്തില്‍ ലേഖനം പുറത്തുവരുന്നത്.
#BCCI #wear #orange #jersey #WorldCup #match #Pakistan; #Report