ലണ്ടൻ: (truevisionnews.com) ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇംഗ്ലണ്ടിന്‍റെ വരാനിരിക്കുന്ന ഹോം സീസണൊടുവില്‍ 41കാരനായ ആന്‍ഡേഴ്സണ്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുവതലമുറക്ക് അവസരം നല്‍കാനായി വിരമിക്കണമെന്ന കോച്ച് ബ്രെണ്ടന്‍ മക്കല്ലത്തിന്‍റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ആന്‍ഡേഴ്സണ്‍ വിരമിക്കാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഈ മാസം ആദ്യം ന്യൂസിലന്‍ഡില്‍ നിന്ന് ഇംഗ്ലണ്ടിലെത്തിയ മക്കല്ലം ആന്‍ഡേഴ്സണുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇതിനൊടുവിലാണ് ആന്‍ഡേഴ്സണ്‍ വിരമിക്കാന്‍ സമ്മതം മൂളിയതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
2025-26ലെ ആഷസ് പരമ്പരക്ക് പുതിയ പേസ് നിരയെ വാര്‍ത്തെടുക്കുന്നതിന് മുന്നോടിയായിട്ടാണ് മക്കല്ലം ആൻഡേഴ്സണുമായി കൂടിക്കാഴ്ച നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള ഏക പേസ് ബൗളറാണ് ആന്‍ഡേഴ്സണ്‍.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരെ നടന്ന ആഷസ് പരമ്പരയിലെ നാലു ടെസ്റ്റുകളില്‍ നിന്ന് അഞ്ച് വിക്കറ്റ് മാത്രം വീഴ്ത്തിയ ആന്‍ഡേഴ്സണ്‍ ഈ വര്‍ഷം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലും നിറം മങ്ങിയിരുന്നു.
ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുമ്പോള്‍ ആന്‍ഡേഴ്സണ് 42 വയസാവും. ഓഗസ്റ്റില്‍ ശ്രീലങ്കക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയില്‍ കൂടി കളിച്ചശേഷമായിരിക്കും ആന്‍ഡേഴ്സണ്‍ വിരമിക്കുക എന്നാണ് റിപ്പോര്‍ട്ട്.
ദീര്‍ഘകാലം ആന്‍ഡേഴ്സന്‍റെ ബൗളിംഗ് പങ്കാളിയായിരുന്ന സ്റ്റുവര്‍ട്ട് ബ്രോഡ് കഴിഞ്ഞ വര്‍ഷം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇന്ത്യക്കെതിരെ എക്കാലവും മികച്ച പ്രകടനം നടത്തിയിട്ടുള്ള ആന്‍ഡേഴ്സണ്‍ 39 ടെസ്റ്റുകളില്‍ നിന്ന് 149 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
ഇതില്‍ 104 വിക്കറ്റും ഇംഗ്ലണ്ടിലായിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനങ്ങളില്‍ എക്കാലവും വലിയ പേടിസ്വപ്നമായിരുന്നു ആന്‍ഡേഴ്സണ്‍. സച്ചിന്‍ മുതല്‍ പൂജാരവരെയുള്ള ബാറ്റര്‍മാരെ ഇംഗ്ലണ്ട് പിച്ചുകളില്‍ സ്വിംഗ് കൊണ്ട് വട്ടംകറക്കിയിട്ടുള്ള ആന്‍ഡേഴ്സണ്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ഇന്ത്യൻ ബാറ്റര്‍ പൂജാരയാണ്.
12 തവണയാണ് പൂജാര ആന്‍ഡേഴ്ണ് മുന്നില്‍ വീണത്. സച്ചിന്‍ ഒമ്പത് തവണയും ആന്‍ഡേഴ്സണ് മുന്നില്‍ വീണു. ടെസ്റ്റ് ക്രിക്കറ്റില്‍ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാവാന്‍ ആന്‍ഡേഴ്സണ് ഇനി ഒമ്പത് വിക്കറ്റ് കൂടി മതി.1
87 ടെസ്റ്റില്‍ 700 വിക്കറ്റുള്ള ആന്‍ഡേഴ്സണ്‍ വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കുമെതിരായ പരമ്പരകളില്‍ 708 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ഷെയ്ന്‍ വോണിനെ മറികടന്ന് ഈ നേട്ടം സ്വന്തമാക്കുമെന്നാണ് കരുതുന്നത്.
മുത്തയ്യ മുരളീധരന്‍റെ 800 വിക്കറ്റ് നേട്ടത്തിലെത്തുക എന്ന സ്വപ്നം ബാക്കിയാക്കിയാവും ആന്‍ഡേഴ്സണ്‍ പടിയിറങ്ങുക.
#India #biggest #nightmare #JamesAnderson #finally #ready #retire