ചാരുംമൂട്: (truevisionnews.com) കിണറ്റിലകപ്പെട്ടു പോയ പ്രിയ സുഹൃത്തിനെ രക്ഷിക്കാനിറങ്ങി മരണപ്പെട്ട കർഷകൻ താമരക്കുളം തെന്നാട്ടും വിളയിൽ ബാബു (52) വിന് നാടിന്റെ അന്ത്യാഞ്ജലി.
ഭാര്യയുടേയും വിദ്യാർഥികളായ മക്കളുടേയും ബന്ധുക്കളുടെയും നെഞ്ചുതകർന്നുള്ള നിലവിളി കൂടിനിന്നവരേയും കണ്ണീരണിയിച്ചു. ബാബുവിനെ അവസാനമായി കാണാൻ നാട്ടുകാർ ഒഴുകിയെത്തി.
വലിയ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. രാഷ്ടീയ സാമൂഹിക പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.ഇരപ്പൻപാറക്ക് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം.
കിണർ വൃത്തിയാക്കാനിറങ്ങിയ സുഹൃത്ത് സുഭാഷ് ശ്വാസംമുട്ടലുണ്ടായതിനെ തുടർന്ന് ഒച്ച വെച്ചതോടെയാണ് സ്ഥലത്തുണ്ടായിരുന്ന ബാബു രക്ഷാപ്രവർത്തനത്തിയായി കിണറ്റിലിറങ്ങിയത്.
സുഭാഷിനെ രക്ഷിക്കുന്നതിനിടെ ബാബുവിനും ശ്വാസതടസ്സമുണ്ടായി വെള്ളത്തിലേക്ക് വീണു. അയൽവാസി നവാസ് കിണറ്റിലിറങ്ങിയെങ്കിലും ശ്വാസംമുട്ടൽ മൂലം തിരികെ കയറി.
കയറിട്ട് സുഭാഷിനെ കരക്കു കയറ്റിയെങ്കിലും അരമണിക്കൂറോളം കിണറ്റിൽ കുടുങ്ങിയ ബാബുവിനെ അഗ്നി രക്ഷസേന എത്തിയാണ് പുറത്തെടുത്തത്.
കോമല്ലൂർ ഷാപ്പിലെ ചെത്തു തൊഴിലാളിയായി ജോലി ചെയ്യുന്ന ബാബു ചെറുപ്പം മുതലേ കൃഷിയിൽ ഏറെ താത്പര്യം കാട്ടിയിരുന്നു. പയർ, ചീര, പടവലം, വെള്ളരി, ഏത്തവാഴ തുടങ്ങിയവയായിരുന്നു പ്രധാന കൃഷികൾ.
ഏറ്റവും ഒടുവിലായി ഭരണിക്കാവ് പഞ്ചായത്തിലെ തെക്കനേഴി വയലിൽ 50 സെന്റ് സ്ഥലത്ത് പടവലം കൃഷി ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് ജനപ്രതിനിധികൾ കൂടി പങ്കെടുത്തായിരുന്നു വിളവെടുപ്പ് ഉത്സവം നടന്നത്.
എല്ലാവർക്കും പ്രിയങ്കരനായിരുന്ന ബാബുവിന്റെ വേർപാട് നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരുന്നു. ഭീപയാണ് ഭാര്യ. പ്ലസ്ടു വിദ്യാർഥിനിയായ ഗൗരിനന്ദ, ഏഴാം ക്ലാസ് വിദ്യാർഥിനി ദേവനന്ദ എന്നിവർ മക്കളാണ്.
#Nation #pays #tribute #Babu #who #died #trying #save #his #friend