ആലപ്പുഴ: (truevisionnews.com) 'എന്നോടുപറയാതെ റോസമ്മ എങ്ങും പോകില്ല. ഇല്ലെങ്കില്‍ ദിവസവും ഫോണിലെങ്കിലും വിളിക്കും.'- ഉറ്റകൂട്ടുകാരി എലിസബത്തിന്റെ ഈ വാക്കുകളാണ് ആലപ്പുഴ പൂങ്കാവിലെ റോസമ്മയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ദിവസവും വിളിക്കുന്ന റോസമ്മയുടെ ഫോണ്‍വിളി ഇല്ലാതായതോടെയാണ് എലിസബത്ത് റോസമ്മയെത്തിരക്കി സഹോദരന്‍ ബെന്നിയുടെ അടുത്തെത്തിയത്.
എപ്പോള്‍ വിളിച്ചാലും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് എലിസബത്ത് പറഞ്ഞു. അര്‍ത്തുങ്കലിലെ ഒരുവീട്ടില്‍ റോസമ്മ ജോലിക്കു പോയിരിക്കുകയാണെന്നായിരുന്നു ബെന്നിയുടെ മറുപടി. ഇതോടെയാണ് തന്നോടുപറയാതെ അങ്ങനെ പോകില്ലെന്ന് എലിസബത്ത് പറഞ്ഞത്.
ഇക്കാര്യം മുന്‍പഞ്ചായത്തംഗവും റോസമ്മയുടെ ബന്ധുവുമായ സുജയെയും എലിസബത്ത് അറിയിച്ചു. തുടര്‍ന്ന് അന്വേഷണം തന്നിലേക്കെത്തുമെന്നു മനസ്സിലാക്കിയാകും നാടകീയമായി ബെന്നി കുറ്റസമ്മതം നടത്തിയത്.
റോസമ്മ വീട്ടുജോലിക്കായി തുമ്പോളിയിലുള്ള എലിസബത്തിന്റെ വീട്ടില്‍ 2013-ല്‍ എത്തിയപ്പോള്‍മുതലുള്ള പരിചയമാണ്. എലിസബത്തിനു സുഖമില്ലാത്തതിനാല്‍ മൂന്നുവര്‍ഷത്തോളം അവിടെ ജോലിചെയ്തു.
തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്കു ജോലിക്കായി പോയെങ്കിലും സൗഹൃദം തുടര്‍ന്നു. ദിവസവും ഒരുനേരംവിളിച്ചു വിശേഷങ്ങള്‍ പറയുമായിരുന്നു.
'റോസമ്മയ്ക്ക് മക്കളുമായി അത്ര അടുപ്പമില്ലായിരുന്നു. എല്ലാം തന്നോടാണ് തുറന്നുപറയുന്ന'തെന്ന് എലിസബത്ത് പറഞ്ഞു. ആര്‍ക്കും ബുദ്ധിമുട്ടാകുന്നില്ല.
താന്‍ രണ്ടാം വിവാഹംകഴിച്ച് ഇവിടന്നു പോകുകയാണ്. കല്യാണം മേയ് ഒന്നിനാണെന്നു വിളിച്ചുപറഞ്ഞപ്പോള്‍ നല്ല സന്തോഷത്തിലായിരുന്നു. ആ സന്തോഷമാണ് ഇന്ന് ഇങ്ങനെ...' എലിസബത്ത് വിതുമ്പി.
അഞ്ചുനാള്‍ രഹസ്യംകാത്തു
'അവളു പോയി. എന്നെ രക്ഷിക്കണം. എനിക്ക് അബദ്ധം പറ്റിയതാണ്.' റോസമ്മയെ കൊന്ന വിവരം സഹോദരന്റെ മകള്‍ സുജാ അനിയോടാണ് ബെന്നി ആദ്യം പറഞ്ഞത്. വിക്കുള്ള ബെന്നി അതു പറയുമ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ബെന്നിയുടെ കുറ്റസമ്മതത്തിന്റെ ഞെട്ടലില്‍നിന്ന് സുജ ഇനിയും മുക്തയായിട്ടില്ല.
തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് മുന്‍ പഞ്ചായത്തംഗംകൂടിയായ സുജയുടെ വീട്ടിലെത്തി ബെന്നി കുറ്റസമ്മതം നടത്തിയത്. കൊന്നശേഷം വീട്ടിലെ പറമ്പില്‍ കുഴിച്ചിട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍.
ഉടന്‍തന്നെ സുജ പോലീസിലറിയിച്ചു. അവരെത്തി ചോദ്യംചെയ്തപ്പോള്‍ പുറത്ത്, വീടിന്റെ അടുക്കള ഭാഗത്തെ ഭിത്തിയോടുചേര്‍ന്ന് മൃതദേഹം കുഴിച്ചിട്ടെന്നു ബെന്നി സമ്മതിച്ചു.
പോലീസ് കുഴിമാന്തി മൃതദേഹം പുറത്തെടുത്തതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. കൊലയ്ക്കുശേഷം പതിവുപോലെയാണ് ബെന്നി പെരുമാറിയത്.
വീട്ടുജോലികളെല്ലാം ചെയ്തിരുന്നു. റോസമ്മ എവിടെപ്പോയെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യത്തിന് ജോലിക്കുപോയെന്നു മറുപടിയും നല്‍കി.
എന്നാല്‍, റോസമ്മയെ കാണാനില്ലെന്നുപറഞ്ഞ് ബന്ധുക്കള്‍ പരാതികൊടുക്കാനുള്ള തയ്യാറെടുപ്പു തുടങ്ങിയതോടെയാണ് കുറ്റം സമ്മതിക്കേണ്ടിവന്നത്.
മേസ്തിരിപ്പണിക്കാരനായ ബെന്നി വീടിന്റെ വരാന്തയുടെ തേപ്പുജോലി തിങ്കളാഴ്ച രാവിലെ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സുജയുടെ വീട്ടിലെത്തി കുറ്റസമ്മതം നടത്തിയത്.
#alappuzha #rosamma #murder #case