ഇസ്‌ലാമാബാദ്: ( www.truevisionnews.com ) ഭാര്യയ്ക്ക് ഭക്ഷണത്തിൽ ടോയ്‌ലെറ്റ് ക്ലീനർ കലർത്തിനൽകിയെന്ന ആരോപണവുമായി ജയിലിലുള്ള മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇതേതുടർന്ന് ഭാര്യ ബുഷ്‌റ ബീബിയുടെ ആരോഗ്യനില വഷളായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുഷ്‌റ ബീബി ഇസ്‌ലാമാബാദിലെ ബനീഗാലയിലുള്ള വസതിയിൽ തടങ്കലിലാണുള്ളത്.

190 മില്യൻ പൗണ്ടിന്റെ അഴിമതിക്കേസിൽ റാവൽപിണ്ടിയിലെ അദിയാലാ ജയിലിൽ നടന്ന ഹിയറിങ്ങിനിടെയാണ് ഇമ്രാൻ ഖാൻ ആരോപണമുയർത്തിയത്.
അഴിമതി, ഇമ്രാനുമായുള്ള 'നിയമവിരുദ്ധമായ' വിവാഹം തുടങ്ങിയ കേസുകളിൽ കുറ്റാരോപിതയായ ബുഷ്‌റ ബീബിയെ സബ് ജയിലായി പ്രഖ്യാപിക്കപ്പെട്ട സ്വന്തം വസതിയിൽ തടങ്കലിലാക്കിയിരിക്കുകയാണ്. പാക് സൈനികമേധാവി ജനറൽ ആസിം മുനീർ ആണു തന്റെ ബുഷ്‌റയുടെ തടവിനു പിന്നിലുള്ളതെന്നും ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി അദ്ദേഹമായിരിക്കുമെന്നും ഇമ്രാൻ പറഞ്ഞു.
'എന്റെ ഭാര്യയ്ക്ക് തടവുശിക്ഷ നൽകാനായി ജനറൽ ആസിം മുനീർ നേരിട്ട് ഇടപെട്ടിട്ടുണ്ട്. അദ്ദേഹമാണ് ജഡ്ജിയെക്കൊണ്ട് ആ വിധി പറയിച്ചത്. എന്റെ ഭാര്യയ്ക്ക് എന്തെങ്കിലും പറ്റിയാൽ എനിക്കു ജീവനുള്ള കാലത്തോളം ഞാൻ ആസിം മുനീറിനെ വെറുതെവിടില്ല. അദ്ദേഹത്തിന്റെ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടികളെ പുറത്തുകൊണ്ടുവരും'-ഇമ്രാൻ ഖാൻ വ്യക്തമാക്കി.
ജയിൽ അധികൃതർ ഭാര്യയ്ക്ക് ഭക്ഷണത്തിൽ ടോയ്‌ലെറ്റ് ക്ലീനർ കലർത്തിനൽകുന്നുവെന്നാണ് ഇമ്രാൻ ഖാന്റെ ആരോപണം. ഇതേതുടർന്ന് ദിവസവും വയറിനു പ്രശ്‌നമാണ്. തുടർന്ന് അവരുടെ ആരോഗ്യസ്ഥിതി വഷളായിരിക്കുകയാണ്. ഷിഫ അന്താരാഷ്ട്ര ആശുപത്രിയിൽ വച്ച് ബുഷ്‌റയുടെ മെഡിക്കൽ ടെസ്റ്റ് നടത്തണമെന്ന് ഷൗക്കത്ത് ഖാനം ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ആസിം യൂസഫർ നിർദേശിച്ചിരുന്നു.
എന്നാൽ, പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(പിംസ്) തന്നെ ടെസ്റ്റ് നടത്തണമെന്ന് വാശിപിടിക്കുകയാണ് ജയിൽ അധികൃതരെന്നും ഇമ്രാൻ ആരോപിക്കുന്നു. മെഡിക്കൽ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ബുഷ്‌റ ബീബി ഹരജി നൽകിയിരുന്നു.
ഷൗക്കത്ത് ഖാനം ആശുപത്രിയിലോ മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയിൽ വച്ചോ ടെസ്റ്റ് നടത്തണമെന്നായിരുന്നു ആവശ്യം. നെഞ്ചെരിച്ചിൽ, തൊണ്ടവേദന ഉൾപ്പെടെ അനുഭവിക്കുന്നുണ്ടെന്നും ഭക്ഷ്യവിഷബാധയെ തുടർന്നാണിതെന്നുമാണ് ഹരജിയിൽ ബുഷ്‌റ ബീബി വാദിച്ചത്.
ഭക്ഷണത്തിൽ വിഷം കലർത്തിയതിനു പുറമെ വീട്ടുതടങ്കലിൽ മാനസികപീഡനവും നേരിടുന്നതായി അവർ വെളിപ്പെടുത്തി. വീടിനകത്തെല്ലാം രഹസ്യ കാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. ഒറ്റ വനിതാ ഉദ്യോഗസ്ഥ മാത്രമാണ് ഇവിടെയുള്ളത്. ബാക്കിയുള്ള ജയിൽ അധികൃതരെല്ലാം പുരുഷന്മാരാണ്. ഇതെല്ലാം തനിക്ക് അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും ഹരജിയിൽ ബുഷ്‌റ ചൂണ്ടിക്കാട്ടിയിരുന്നു.
#imrankhan #wife #food #mixed #toilet #cleaner
