കോഴിക്കോട്: (truevisionnews.com) കേന്ദ്ര സർക്കാരിനെയും കോൺഗ്രസിനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യവ്യാപകമായി പ്രതിപക്ഷ നേതാക്കളെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണ്.
കഴിഞ്ഞദിവസം ഡൽഹിയിലെ ഇന്ത്യാസഖ്യത്തിന്റെ റാലി ബിജെപിക്കുള്ള ശക്തമായ താക്കീതായി മാറി. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ആരോപണം ഉന്നയിച്ചതു കോൺഗ്രസാണ്.
ഇ.ഡിയുടെ ഇടപെടലിനു വഴിവച്ചതു കോൺഗ്രസ് നീക്കം കാരണമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ‘‘ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യാ സഖ്യത്തിന്റെ റാലിക്കു താങ്ങാവുന്നതിലും കൂടുതൽ ആളുകൾ വന്നു.
കോൺഗ്രസും ഇതിൽനിന്ന് പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. മറ്റു പാർട്ടികളെ വേട്ടയാടുമ്പോൾ ബിജെപിക്കൊപ്പമാണു കോൺഗ്രസ് നിൽക്കുന്നത്. കോൺഗ്രസാണു മദ്യനയത്തിനെതിരെ കേസ് ഫയൽ ചെയ്തത്. അത് ഇ.ഡിക്കു കടന്നുവരാൻ വഴിയൊരുക്കി.
ഇപ്പോൾ കോൺഗ്രസ് സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. റാലിയിൽ കോൺഗ്രസിന്റെ എല്ലാ മുതിർന്ന നേതാക്കളും പങ്കെടുത്തതും നല്ല കാര്യം. അശോക് ചവാന്റെ കാര്യം രാഹുൽ ഗാന്ധി തന്നെയാണ് വിളിച്ചു പറഞ്ഞത്.
കോൺഗ്രസിന്റെ വളരെ പ്രധാനപ്പെട്ട നേതാവ് തന്നെ പാർട്ടിവിട്ടു പോകുന്നത് അംഗീകരിക്കാൻ സാധിക്കില്ല.
രാജ്യതാൽപര്യം മുൻനിർത്തിയാണു പ്രവർത്തിക്കേണ്ടത്. ആർഎസ്എസ് അജൻഡ നടപ്പാക്കുകയാണു ബിജെപി. വർഗീയതയെ എതിർത്തുകൊണ്ടു മാത്രമേ മതനിരപേക്ഷത നിലനിർത്താനാകൂ.
അസമിൽ പൗരത്വ നിയമം നടപ്പാക്കിയപ്പോൾ 19 ലക്ഷം പേർക്കു പൗരത്വം നഷ്ടമായി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിലപപാട് പരിഹാസ്യമാണ്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ഉന്നതനായ നേതാവാണ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ നേരിടാനാണു രാഹുൽ വരുന്നതെന്നു പറയാൻ സാധിക്കുമോ? ഇവിടെ എൽഡിഎഫാണല്ലോ പ്രധാന എതിർകക്ഷി.
അപ്പോൾ രാഹുൽ ആരെ നേരിടാനാണു വരുന്നത്? ആനി രാജ മണിപ്പൂരിന്റെ കാര്യത്തിൽ രാജ്യദ്രോഹിയായി മാറ്റപ്പെട്ടു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിന്റെ അനൗചിത്യം രാജ്യം ചർച്ച ചെയ്തതാണ്’’– മുഖ്യമന്ത്രി പറഞ്ഞു.
#Centralgovernment #hunting #opposition #leaders #nationwide - #PinarayiVijayan