കോഴിക്കോട്: (truevisionnews.com) ജനുവരി 4, 5 തീയതികളിൽ നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ നാലാം സീസണിൻ്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന നടത്തുന്ന എയർഷോയുടെ മുന്നോടിയായി വ്യാഴാഴ്ച ബേപ്പൂർ മറീന ബീച്ചിൽ ഹെലികോപ്റ്ററുകൾ പരിശീലന പറക്കൽ നടത്തി.
വ്യോമസേനയുടെ കോയമ്പത്തൂർ സുലൂരിലെ 43 വിങ്ങിൽ നിന്നുള്ള ദി ഗ്രേറ്റ് സാരംഗ്സ് എന്ന് വിളിപ്പേരുള്ള മൂന്ന് ഹെലികോപ്റ്ററുകളാണ് വൈകീട്ട് നാല് മണിയോടെ ബേപ്പൂരിന്റെ ആകാശത്ത് പരിശീലനം നടത്തിയത്.
കോസ്റ്റ്ഗാർഡ്, പോലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യ വിഭാഗം എന്നിവയുടെ യൂണിറ്റുകൾ എല്ലാം സ്ഥലത്തുണ്ടായിരുന്നു.
ഇന്ന് രാവിലെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഗ്രേറ്റ് സാരംഗ്സ് ബേപ്പൂർ മരീന ബീച്ചിന് മുകളിൽ കാണികൾക്ക് ദൃശ്യവിരുന്നേകി പരിശീലന പറക്കൽ നടത്തും.
വ്യോമസേനയ്ക്കു പുറമെ, നാവിക സേനയും കോസ്റ്റ് ഗാർഡും വാട്ടർഫെസ്റ്റിൽ പങ്കാളികളാകുന്നുണ്ട്. ഫെസ്റ്റിൻ്റെ രണ്ട് ദിവസങ്ങളിലും രാവിലെ 9 മുതല്‍ 5 മണി വരെ കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്ത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനെത്തും. പ്രദര്‍ശനം സൗജന്യമായിരിക്കും.
#Beypur #water #fest #Training #flight #Air #Force #helicopters #again #today