(truevisionnews.com) ഹൃദയം എത്രമാത്രം പ്രധാനപ്പെട്ടൊരു അവയവമാണ് നമ്മുടെ ശരീരത്തിൽ എന്നത് എടുത്തുപറയേണ്ടതില്ല. കാരണം ഹൃദയത്തിൻറെ പ്രാധാന്യം ഏവർക്കും അറിയാം. അതിനാൽ തന്നെ ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങളെല്ലാം സമയത്തിന് തിരിച്ചറിയേണ്ടത് നിർബന്ധമാണ്.

സമയത്തിന് തിരിച്ചറിയുകയും പരിഹാരം തേടുകയും വേണം. ഇത്തരത്തിൽ ഹൃദയത്തെ ബാധിക്കുന്ന ഏറെ ഗൗരവമുള്ളൊരു പ്രശ്നമാണ് ബ്ലോക്ക്. ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളിൽ പ്ലാക്ക് അടിഞ്ഞുകിടക്കുകയും രക്തയോട്ടം തടസപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്.
ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം തന്നെയാണ് ഇതിൻറെ ഫലം. ബ്ലോക്ക് നേരത്തെ മനസിലാക്കാൻ കഴിഞ്ഞാൽ ഹൃദയാഘാതത്തെ നമുക്ക് ചെറുക്കാൻ സാധിക്കും. ഇങ്ങനെ ബ്ലോക്ക് മനസിലാക്കാൻ സഹായിക്കുന്ന, ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലേക്കാണിനി പോകുന്നത്.
നെഞ്ചുവേദന തന്നെയാണ് ബ്ലോക്കിൻറെ പ്രധാന സൂചന. നെഞ്ചിനകത്ത് വല്ലാത്തൊരു സമ്മർദ്ദം അനുഭവപ്പെടുന്നതും ബ്ലോക്കിൻറെ ലക്ഷണമാണ്. അതുപോലെ നെഞ്ചിൽ കനവും ബ്ലോക്കുണ്ടെങ്കിൽ അനുഭവപ്പെടാം. ഈ പ്രയാസങ്ങളെല്ലാം നെഞ്ചിൽ നിന്ന് കൈകളിലേക്കും കഴുത്തിലേക്കും പ്രവഹിക്കുന്നതായും തോന്നാം. പ്രത്യേകിച്ച് ശരീരമനങ്ങി എന്തെങ്കിലും ചെയ്യുകയോ ജോലിയിലോ ആകുമ്പോഴാണിവയെല്ലാം അനുഭവപ്പെടുക.
ശ്വാസതടസം നേരിടുന്നതും ബ്ലോക്കിൻറെ സൂചനയാകാം. രക്തയോട്ടം കുറയുന്നതിൻറെ ഭാഗമായാണ് ഇങ്ങനെ ശ്വാസതടസമുണ്ടാകുന്നത്. പ്രത്യേകിച്ച് എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോൾ, അല്ലെങ്കിൽ സ്ട്രെസ് ഏറുമ്പോൾ. ശ്വാസം വലിച്ചെടുക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ തന്നെ ഹൃദയത്തിൻറെ കാര്യം പരിശോധിക്കുന്നതാണ് നല്ലത്.
തലകറക്കം അനുഭവപ്പെടുന്നതും ബ്ലോക്കിൻറെ സൂചനയാകാം. ഇതും ഹൃദയത്തിലേക്ക് ആവശ്യത്തിന് രക്തം എത്താതിനെ തുടർന്നാണുണ്ടാകുന്നത്. നെഞ്ചിൽ വേദന, സമ്മർദ്ദം, ശ്വാസതടസം എന്നിവയ്ക്കൊപ്പം തലകറക്കവും അനുഭവപ്പെടാറുണ്ടെങ്കിൽ തീർച്ചയായും ഹൃദയത്തിൻറെ കാര്യം പരിശോധിക്കണം.
വല്ലാത്ത തളർച്ച അനുഭവപ്പെടുന്നതിന് പിന്നിലും ബ്ലോക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ബ്ലോക്ക് കാരണം ഹൃദയത്തിലേക്കെത്തുന്ന രക്തത്തിൽ അളവ് കുറവാകുമ്പോൾ ആണ് തളർച്ച അനുഭവപ്പെടുന്നത്. എപ്പോഴും കാര്യമായ ക്ഷീണവും ഉന്മേഷക്കുറവും നേരിടുന്നുവെങ്കിൽ തീർച്ചയായും ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് നല്ലത്.
നെഞ്ചിടിപ്പ് ഉയരുന്നതോ അല്ലെങ്കിൽ നെഞ്ചിടിപ്പിൽ സാധാരണയിൽ കവിഞ്ഞ വ്യത്യാസം കാണുന്നതോ ബ്ലോക്ക് സൂചനയാകാം. അതിനാൽ തന്നെ ഈ ലക്ഷണവും നിസാരമാക്കി തള്ളിക്കളയരുത്.
മുതുക് വേദന, കൈകളിലും തോളുകളിലും കഴുത്തിലും കീഴ്ത്താടിയിലും വേദന എന്നിവ അനുഭവപ്പെടുന്നതിന് പിന്നിലും ബ്ലോക്ക് ഒരു കാരണമാകാം. ഈ ലക്ഷണങ്ങളും അവഗണിക്കാതിരിക്കുക.
#Know #what #symptoms #heartblock
