മുംബൈ: (truevisionnews.com) 36 വർഷം മുമ്പ് കടുവയെ വേട്ടയാടി പിടിച്ചിട്ടുണ്ടെന്നും അതിന്റെ പല്ലാണ് ഇപ്പോൾ ധരിച്ചിരിക്കുന്നതെന്നും പ്രസംഗിച്ച ശിവസേന എംഎൽഎക്കെതിരെ കേസ്.
മഹാരാഷ്ട്ര നിയമസഭാ അംഗം സഞ്ജയ് ഗെയ്ക്വാദിനെതിരെയാണ് വന്യജീവി സംരക്ഷണ നിയമ പ്രകാരം സംസ്ഥാന വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.
എംഎൽഎ ധരിച്ചിരുന്ന പല്ല് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചു. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് താൻ 1987ൽ കടുവയെ വേട്ടയാടി പിടിച്ചിട്ടുണ്ടെന്നും അതിന്റെ പല്ല് പറിച്ചെടുത്താണ് മാലയിൽ വെച്ചിട്ടുള്ളതെന്നും പറഞ്ഞത്.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വനംവകുപ്പ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു എന്ന് ബുൽധാന ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സരോജ് ഗവാസ് പറഞ്ഞു.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത ഉദ്യോഗസ്ഥർ എംഎൽഎ ധരിച്ചിരുന്ന പല്ല് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പല്ല് കടുവയുടേത് തന്നെയെന്ന് തെളിഞ്ഞാൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
അതേസമയം കടുവയുടെ പല്ലെന്ന് പറഞ്ഞ് വീരവാദം മുഴക്കിയത് വ്യാജ പല്ല് കാണിച്ചിട്ടായിരുന്നെന്ന് തെളിഞ്ഞാൽ അണികള്‍ക്ക് മുമ്പ് നാണം കെടേണ്ടി വരുന്ന അവസ്ഥയിലാണ് എംഎൽഎ ഇപ്പോൾ.
#MLA #said #tiger #caught #teeth #were #pulledout; #Forestdepartment #registeredcase