തിരുവനന്തപുരം: (truevisionnews.com) സാമ്പത്തിക ഞെരുക്കത്തിൽ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൻറെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. ഭീമമായ കുടിശ്ശിക വരുത്തിയതോടെ മോട്ടോർ വാഹന വകുപ്പിനുള്ള സേവനങ്ങൾ നിർത്തിവയ്ക്കുന്നതായി സി-ഡിറ്റ് അറിയിച്ചു.
ആറര കോടിയിലേറെയാണ് രൂപയാണ് ഒരു വർഷത്തെ കുടിശികയായി സി-ഡിറ്റിന് നൽകാനുള്ളത്. ഡ്രൈവിങ് ലൈസൻസും ആർസി ബുക്കും അച്ചടിക്കാൻ പണമില്ലാതെ നെട്ടോട്ടമോടുമ്പോഴാണ് പുതിയ പ്രതിസന്ധി. ഫെസിലിറ്റി മാനേജ്മെൻറ് പ്രോജക്ട് വഴി മോട്ടോർ വാഹന വകുപ്പിന് വേണ്ടി ഒട്ടേറെ സേവനങ്ങളാണ് സി-ഡിറ്റ് നൽകിവരുന്നത്.
കഴിഞ്ഞ വർഷം ജനുവരി മുതൽ സേവനത്തിനുള്ള തുക നൽകിയിട്ടില്ല. ആറുകോടി 58 ലക്ഷം കടന്നു കുടിശിക. ഇതോടെ കഴിഞ്ഞ വർഷം നവംബറിൽ സേവനങ്ങൾ തടസപ്പെടുമെന്ന മുന്നറിയിപ്പ് സി-ഡിറ്റ് നൽകിയിരുന്നു.
അതുകൊണ്ടും പ്രയോജനമില്ലാതെ വന്നതോടെയാണ് സേവനം നിർത്തിവയ്ക്കുകയാണെന്ന് കാണിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. മാർച്ച് ഒന്നുമുതൽ സേവനം നൽകില്ല.
സി-ഡിറ്റിൽ നിന്നുള്ള നിർദേശം ലഭിച്ച ശേഷം മാത്രം നിലവിലെ പ്രോജക്ടുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റാഫുകൾ സേവനം തുടർന്നാൽ മതിയെന്നും അറിയിപ്പ് കൊടുത്തിട്ടുണ്ട്. അതേസമയം 17 വർഷമായി മോട്ടോർവാഹന വകുപ്പ് പൊതുജനങ്ങളിൽ നിന്ന് യൂസേഴ്സ് ഫീ ഈടാക്കുന്നുണ്ട്.
ഈയിനത്തിൽ സർക്കാരിലേക്ക് എത്തിയത് കോടികളാണ്. സി-ഡിറ്റിന് മോട്ടോർവാഹന വകുപ്പ് നൽകാനുള്ള തുകയുടെ ആറിരട്ടിയിലധികമാണ് കഴിഞ്ഞ തവണ പൊതുജനങ്ങളിൽ നിന്ന് യൂസേഴ്സ് ഫീയായി പിരിച്ചത്.
#money #print #RC #license #C-Ditt #services #discontinued