(truevisionnews.com) വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കുന്നത് തടയുന്നതിനായി 'പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്' എന്ന പുതിയ ആപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്.
പുകപരിശോധനാകേന്ദ്രം രജിസ്റ്റര്‍ചെയ്തതിന്റെ 50 മീറ്റര്‍ ചുറ്റളവില്‍നിന്ന് മാത്രമേ വാഹനത്തിന്റെ ഫോട്ടോയെടുത്ത് പുകപരിശോധന നടത്താനാവൂ. നമ്പര്‍പ്ലേറ്റിന്റെ ഫോട്ടോയും വാഹനത്തിന്റെ ദൂരേനിന്നുള്ള ഫോട്ടോയും വേണം.
ഇത് ആപ്പില്‍ അപ്ലോഡ് ചെയ്യണം. അതിനുശേഷമേ പരിശോധന തുടങ്ങുകയുള്ളൂ. അപ്പോള്‍ ആപ്പ് മുഖേന മോട്ടോര്‍ വാഹനവകുപ്പിന് വിവരങ്ങള്‍ ലഭിക്കും. ഒരു കേന്ദ്രത്തിലെ മൂന്ന് ഫോണിലാണ് ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാവുക.
കേന്ദ്രം നടത്തിപ്പുകാര്‍ അതത് ജില്ലയിലെ ആര്‍.ടി.ഒ.യ്ക്ക് ഫോണ്‍ ഹാജരാക്കിയാല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുനല്‍കും. പരിശോധനയ്ക്കായി വാഹനം എത്തിക്കാതെ, നടത്തിപ്പുകാരന്റെ ഫോണിലേക്ക് ഫോട്ടോ അയച്ചുനല്‍കി സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കുന്ന സ്ഥിതി വര്‍ധിച്ചപ്പോഴാണ് ഇത്തരത്തിലൊരു നീക്കം മോട്ടോര്‍ വാഹനവകുപ്പ് കൈക്കൊണ്ടത്.
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം അംഗീകൃത പുകപരിശോധനാകേന്ദ്ര നടത്തിപ്പുകാര്‍ക്ക് ആപ്പ് പരിചയപ്പെടുത്തി. പുകപരിശോധന സര്‍ട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ച സ്ഥാപനത്തിനു നേരേ കഴിഞ്ഞദിവസം മോട്ടോര്‍ വാഹനവകുപ്പ് നടപടിയെടുത്തിരുന്നു.
കൂടുതല്‍ വാഹനങ്ങളുള്ള ഉടമയാണെങ്കില്‍ പെട്രോള്‍, ഡീസല്‍ അടിച്ച് കേന്ദ്രത്തിലേക്ക് വാഹനം എത്തിക്കുന്നതിനുപകരം ചില കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ ലാപ്ടോപ്പുമായി പോയി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും.
വ്യാജമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെതിരേ പുകപരിശോധനാ കേന്ദ്രങ്ങളുടെ അസോസിയേഷനുകളും രംഗത്തുവന്നിരുന്നു. പുതിയ ആപ്പിനെ അവര്‍ സ്വാഗതം ചെയ്യുന്നുമുണ്ട്.
ജിയോ മാപ്പിങ് സംവിധാനമുള്ള ആപ്പ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് നിര്‍മിച്ചത്. രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉപയോഗിക്കാന്‍ നിര്‍ദേശമുണ്ട്.
ആപ്പിന്റെ ലഭ്യതയനുസരിച്ച് അതത് സംസ്ഥാനങ്ങള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
#Department #MotorVehicles'#app' #for #smoke #inspection #vehicles; #Fakers #get #caught