യാത്രാ പ്ലാനില്‍ ദക്ഷിണകൊറിയ ഉള്‍പ്പെടുത്തിയവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ജോലി കളയാതെ തന്നെ ഇവിടെ രണ്ടുവര്‍ഷം വരെ ദക്ഷിണകൊറിയയിൽ താമസിക്കാം. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി ദക്ഷിണ കൊറിയ ഇപ്പോൾ ഡിജിറ്റൽ നൊമാഡ് വീസ അവതരിപ്പിച്ചു. 2024 ജനുവരി 1 മുതൽ ഡിജിറ്റൽ നാടോടികൾക്കായി "വർക്കേഷൻ" വീസ ലഭ്യമാകുമെന്നു കൊറിയൻ നീതിന്യായ മന്ത്രാലയം പ്രഖ്യാപിച്ചു. ഈ വീസയുള്ള വിദേശികൾക്ക്, ഒരു വർഷത്തേക്ക് ദക്ഷിണ കൊറിയയിൽ നിന്ന് ഒരു വിദേശ കമ്പനിക്കായി വിദൂരമായി ജോലി ചെയ്യാം.
ഒപ്പം ഡിജിറ്റൽ നോമാഡ് വീസയുള്ളവർക്ക്, ഒരു വർഷത്തെ കാലാവധി കഴിഞ്ഞാൽ, വീണ്ടും ഒരു വർഷത്തേക്കു കൂടി വീസ നീട്ടിക്കിട്ടുന്നതിന് അപേക്ഷിക്കാം. ഈ പുതിയ സംവിധാനം ഡിജിറ്റൽ നാടോടികൾക്കും വിദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർക്കും തൊഴിലുടമകൾക്കും രാജ്യത്ത് ദീർഘകാല താമസം സുഗമമാക്കും. ഇത്, കൂടുതല്‍ വഴക്കമുള്ള തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും ദക്ഷിണ കൊറിയയുടെ ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ദക്ഷിണ കൊറിയയിൽ ഡിജിറ്റൽ നൊമാഡ് വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
- വിദേശികൾക്ക് രണ്ട് വർഷം വരെ ദക്ഷിണ കൊറിയയിൽ നിന്ന് ജോലി ചെയ്യാൻ പുതിയ വീസ അനുവദിക്കും.
- വീസയുള്ളവര്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ കൊണ്ടുവരാനും അനുവദിക്കും.
- അപേക്ഷകർ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരും അവരുടെ നിലവിലെ മേഖലയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രവർത്തിച്ചു വരുന്നവരുമായിരിക്കണം.
- ഈ വീസ ലഭിക്കാന്‍ $65,860 (54,83,852 രൂപ) വാർഷിക വരുമാനം ഉണ്ടെന്ന് അപേക്ഷകർ തെളിയിക്കേണ്ടതുണ്ട്.
- ഡിജിറ്റൽ നൊമാഡ് വീസ അപേക്ഷകർ തങ്ങൾക്ക് ക്രിമിനൽ റെക്കോർഡ് ഇല്ലെന്ന് തെളിയിക്കുകയും അവരുടെ തൊഴിൽ സ്ഥിരീകരിക്കുകയും വേണം.
- ട്രാവൽ ഹെൽത്ത് ഇൻഷുറൻസ് എടുത്തതിന്‍റെ തെളിവും സമർപ്പിക്കേണ്ടതുണ്ട്.
- എല്ലാ ആവശ്യകതകളും പാലിക്കുന്നതും നിലവില്‍ ദക്ഷിണ കൊറിയയില്‍ ജോലി ചെയ്യുന്നവരുമായ ആളുകള്‍ക്ക്, ഡിജിറ്റൽ നൊമാഡ് വീസയ്ക്ക് അപേക്ഷിക്കാം.
- എന്നിരുന്നാലും, ദക്ഷിണ കൊറിയയിൽ ജോലിക്ക് അപേക്ഷിക്കാൻ പുതിയ വീസ ഡിജിറ്റൽ നാടോടികളെ അനുവദിക്കില്ല. അതിനായി വിദേശികൾക്ക് തൊഴിൽ വീസ ആവശ്യമാണ്.
- വിദേശത്തുള്ള ദക്ഷിണ കൊറിയൻ എംബസികൾക്കാണ് ഡിജിറ്റൽ നൊമാഡ് വീസയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം.
- ഈ വീസ സ്കീം പരീക്ഷിച്ച ശേഷം, ഡിജിറ്റൽ വീസ സംവിധാനം സ്ഥിരമാക്കണമോ എന്ന് അധികൃതർ പിന്നീട് തീരുമാനിക്കും.
#SouthKorea #travel #plan #here #SouthKorea #Digital #Nomad #Visa #foryou