കൊല്ലം : www.truevisionnews.com അസാധാരണമായ അവതരണമിടുക്കും, തീവ്രമായ പ്രമേയവും അനായാസ അഭിനയത്താലും വേറിട്ടു നിൽക്കുന്ന ഒരു നാടകമാണ് മേമുണ്ട ഹയർസെക്കണ്ടറി ഇന്ന് സ്കൂൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിക്കുന്നത്.
സമകാലിക ഇന്ത്യൻ രാഷ്ടീയത്തെ ഭംഗിവാക്കില്ലാതെ തന്നെ തുറന്ന് പറയാൻ നാടകം കാണിച്ച ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നിത്യ ദാരിദ്രത്തിന്റെ തറപ്പായിൽ പിറന്ന തെരുവ് കുട്ടികൾ വീട്ടുപകരണങ്ങൾ താളാത്മകമായി ഒരുക്കി സെപ്റ്റിക് ടാങ്കിനടുത്ത് വെച്ച് നടത്തുന്ന സംഗീത പരിപാടിയോടെയാണ് നാടകം ആരംഭിക്കുന്നത്.
ഒന്നിനൊന്ന് മികച്ച രൂപത്തിൽ അഭിനയിക്കുന്ന നടീ നടൻമാരെക്കാൾ പ്രേക്ഷകന്റെ ചിന്തയെ ജ്വലിപ്പിക്കുന്നത് നാടകത്തിൽ ഉടനീളം സ്റ്റേജിൽ നിറഞ്ഞ് നിൽക്കുന്ന ഈ സെപ്റ്റിക് ടാങ്കാണ്. ഇതു തന്നെയാണ് നാടകത്തിലെ മുഖ്യ കഥാപാത്രവും. മതവും, ജാതിവെറിയും, ദാരിദ്രവും, സ്ത്രീ വിരുദ്ധതയും നടമാടുന്ന ദുർഗന്ധം വമിപ്പിക്കുന്ന ഒരു രാജ്യത്തിന്റെ പ്രതിരൂപമായി മാറുന്നു ഈ സെപ്റ്റിക്ടാങ്ക്.
തെരുവുകുട്ടികളുടെ ഇല്ലായ്മയുടെ സംഗീതനിശ നടത്തുന്നിടം വരേണ്യന് അഭംഗി സൃഷ്ടിക്കുന്ന കാഴ്ചയാവും. നാടകത്തിൽ പിന്നീടുള്ള ദൃശ്യങ്ങളിൽ, ചില ഭാഗത്ത് കാഴ്ചയുടെ അഭംഗി കുറയ്ക്കാൻ ടാങ്കിന് മുകളിൽ പച്ച പരവതാനി വിരിക്കുന്നത് കാണാം, ഇല്ലായ്മയെ മറക്കുന്ന ഈ സങ്കേതം നാടകത്തിന് രാഷ്ട്രീയമായ പുതിയ മാനങ്ങൾ നൽകുന്നുണ്ട്.
ജി 20 നടക്കുന്നതിന് മുന്നോടിയായി തലസ്ഥാന നഗരിയിലും, അമേരിക്കൻ പ്രസിഡണ്ടിന്റെ യാത്രയ്ക്കിടയിൽ അഹമ്മദാബാദിലെ ചേരികളും മതിൽ കെട്ടി മറച്ച്, തിളക്കമുളള രാജ്യം ഉണ്ടാക്കാൻ ശ്രമിച്ച അനുഭവം ഇത് ഓർമ്മയിലെത്തിക്കുo. പട്ടിണിപ്പാവങ്ങൾക്ക് അന്നം നൽകി വികൃതവേഷം കെട്ടിച്ച്, പുറം ലോകത്തിന് മുമ്പിൽ ആളാവാൻ പകർത്തിയെടുക്കുന്ന വീഡിയോ ചിത്രീകരണം, മതേതര ഭാരതത്തിന്റെ പരിഹാസ്യരൂപം വെളിപ്പെടുത്തും.
ഇതിനെക്കാളൊക്കെ രസം ഇതിലെ കഥാപാത്രം പറയുന്ന സംഭാഷണത്തിലാണ്. മതവും ജാതിയുമുള്ളത് ഭാഗ്യം, അത് ഉള്ളതു കൊണ്ടാണല്ലോ അവ തമ്മിൽ സംഘർഷമുണ്ടാവുന്നത്, അതുകൊണ്ടാണല്ലോ മതസൗഹാർദ്ദ വീഡിയോ എടുക്കുന്നത്, അതു കൊണ്ടാണല്ലോ അതിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയത്, അഭിനയിച്ചതു കൊണ്ടാണല്ലോ ബീഫും, പൊറോട്ടയും ലഭിച്ചത്.
ഇങ്ങനെ ഭക്ഷണത്തിന്റെ രാഷ്രീയത്തെക്കുറിച്ചും നാടകം കുറിക്കു കൊള്ളുന്ന ഭാഷയിൽ പറഞ്ഞു പോകുന്നുണ്ട്. ഉദര നിമിത്തം ബഹുവിധ വേഷം എന്ന ചൊല്ലിനേക്കാളേറെ തെരുവിന്റെ വിശപ്പിനെ പുറം കാഴ്ചകൾക്ക് വേണ്ടി എങ്ങിനെ ചൂഷണം ചെയ്യുന്നുണ്ടെന്ന് നാടകം പറയാതെ പറയുന്നുണ്ട്.
സെലിബ്രിറ്റികളുടെ പൊങ്ങച്ചങ്ങളും, കോമാളിത്തരങ്ങളും നാടകത്തിന്റെ സംഭാഷണത്തിനിടയിൽനിന്ന് കാഴ്ചക്കാരന് കണ്ടെത്താൻ കഴിയുന്ന വർത്തമാന യഥാർത്ഥ്യങ്ങളാണ്. ഷിറ്റ് എന്ന സ്കൂൾ നാടകം സമകാലിക രാഷ്ട്രീയം കൃത്യമായി പറയും.
#Memunda #School #Play #Shit #staged #glimpse #contemporary #political #convictions