കൊല്ലം: (truevisionnews.com) സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന കുട്ടികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ, വൈകാരിക വെല്ലുവിളികൾ എന്നിവ ലഘൂകരിച്ച് സധൈര്യം മത്സരങ്ങളിൽ പങ്കാളികളാകാൻ പ്രാപ്തരാക്കി സർക്കാർ സംവിധാനങ്ങൾ.

വനിത-ശിശുവികസന വകുപ്പ് , സോഷ്യൽ പൊലീസ് യൂണിറ്റ് ,ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ കലോത്സവത്തിനോടനുബന്ധിച്ച് വിവിധ ശിശുസംരക്ഷണ സേവനങ്ങളും എല്ലാ വേദികളിലും ലഭ്യമാക്കിയിട്ടുണ്ട്. പ്രത്യേക കൗൺസിലിങ് മുഖേന മത്സരാർഥികൾക്ക് മാനസിക പിന്തുണ നൽകുന്നു.
ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സേവനം എല്ലാ വേദികളിലും ഉറപ്പാക്കിയിട്ടുണ്ട്. മത്സരവേദികളിൽ വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കൺട്രോൾ റൂം മുഖേന വനിത ശിശുവികസന വകുപ്പിനെ അറിയിക്കാവുന്നതാണ്.
ബാലവേല, ബാലഭിക്ഷാടനം, തെരുവ്ബാല്യം എന്നിവ നിർമാർജനം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ശരണബാല്യം പദ്ധതിയുടെ ഭാഗമായി പ്രധാന വേദിയായ ആശ്രാമം മൈതാനത്തും പവലിയനിലും എല്ലാ വേദികളിലും സ്പെഷ്യൽ ഡ്രൈവും നിരീക്ഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
വകുപ്പിന്റെ സേവനങ്ങളെക്കുറിച്ചുള്ള അവബോധസൃഷ്ടിക്കായി വനിതാ ശിശുവികസന വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. സേവനം രാവിലെ 9:30 മുതൽ ലഭ്യമാണ്. സോഷ്യൽ പൊലീസ് യൂണിറ്റ് സ്റ്റുഡൻറ് പോലീസിന്റെ സഹായത്തോടെ ബോധവത്ക്കരണ പരിപാടികളും നടത്തി വരുന്നുണ്ട്.
#Counseling #units #ready #instill #courage #contestants
