ന്യൂയോർക്ക്: (truevisionnews.com) നൊബേൽ സമ്മാന ജേതാവും യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവുമായ ഹെൻറി കിസ്സിൻജർ (100) അന്തരിച്ചു. അമേരിക്കൻ വിദേകാര്യ നയ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ച കിസ്സിൻജറിനെ നയതന്ത്രജ്ഞതയുടെ നായകനെന്നാണ് വിശേഷിപ്പിച്ചത്. ബുധനാഴ്ച കണക്ടികട്ടിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

അമേരിക്ക നേതൃത്വം നൽകിയ ശീതയുദ്ധ തന്ത്രങ്ങളുടെ ശിൽപ്പിയെന്നും കിസ്സിൻജർ അറിയപ്പെടുന്നു. തന്റെ നൂറാം വയസ്സിലും നയതന്ത്രകാര്യങ്ങളിൽ സജീവമായിരുന്നു കിസ്സിൻജർ. വൈറ്റ് ഹൌസിലെ യോഗങ്ങളിൽ പങ്കെടുക്കുകയും നോർത്ത് കൊറിയയുടെ ആണവ ഭീഷണിയെ കുറിച്ച് സെനറ്റ് കമ്മിറ്റിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു.
ഒപ്പം നേതൃശൈലികളെ കുറിച്ച് പുസ്തകം പ്രസിദ്ധീകരിച്ചു. ഇതിനെല്ലാം പുറമെ 2023 ൽ അപ്രതീക്ഷിതമായി ചൈന സന്ദർശിച്ചതും വാർത്തയായി. യുഎസ്-സോവിയറ്റ് ആയുധ നിയന്ത്രണ ചർച്ചകൾ, ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തൽ, വടക്കൻ വിയറ്റ്നാമുമായുള്ള പാരീസ് സമാധാന ഉടമ്പടി എന്നിവയിലേക്ക് നയിച്ച നയതന്ത്ര തീരുമാനങ്ങളിൽ കിസ്സിൻജർ മുഖ്യ പങ്കുവഹിച്ചു.
1974 ൽ നിക്സന്റെ രാജിക്ക് ശേഷം ജെറാൾഡ് ഫോർഡിന്റെ കീഴിലും അദ്ദേഹം വിദേശകാര്യ സെക്രട്ടറിയായി തുടർന്നു. 1969 മുതൽ 1977 വരെയായിരിന്നു വൈറ്റ് ഹൌസിലെ പ്രവർത്തനകാലം. തുടർന്നും നയതന്ത്രകാര്യങ്ങളിൽ അദ്ദേഹം യുഎസ് ഉപദേഷ്ടാവായി തുടർന്നു.
ലാറ്റിനമേരിക്കയിൽ കമ്യൂണിസ്റ്റ് വിരുദ്ധ ഭരണകൂടത്തെ പിന്തുണച്ചതോടെ ഹെൻറി കിസ്സിൻജർ യുദ്ധക്കുറ്റവാളിയായി മുദ്രകുത്തപ്പെട്ടു. ചിലിയിലെയും അർജന്റീനയിലെയും പട്ടാള അട്ടിമറികളെ കിസ്സിൻജർ പിന്തുണച്ചിരുന്നു. വിയറ്റ്നാം യുദ്ധത്തിനിടെ കംബോഡിയയിൽ അമേരിക്ക ബോംബ് വർഷിച്ചത് കിസ്സിൻജറുടെ നിർദ്ദേശപ്രകാരമായിരുന്നു. 1973 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു
#Nobel #laureate #former #US #national #security #adviser #HenryKissinger #died
