#wetlands | സംസ്ഥാനത്തെ നാല്‌ തണ്ണീർത്തടങ്ങൾ റാംസർ പട്ടികയിലേക്ക്‌ പരിഗണിക്കുന്നു

#wetlands | സംസ്ഥാനത്തെ നാല്‌ തണ്ണീർത്തടങ്ങൾ റാംസർ പട്ടികയിലേക്ക്‌ പരിഗണിക്കുന്നു
Oct 13, 2023 11:49 AM | By VIPIN P V

തിരുവനന്തപുരം: ( truevisionnews.com ) പ്രത്യേക സംരക്ഷണവും പരിപാലനവും ഉറപ്പാക്കാനായി സംസ്ഥാനത്തെ നാല്‌ തണ്ണീർത്തടങ്ങൾ റാംസർ പട്ടികയിലേക്ക്‌ പരിഗണിക്കുന്നു.

തിരുവനന്തപുരത്തെ ആക്കുളം വേളി, വെള്ളായണി, കണ്ണൂരിലെ കാട്ടാമ്പള്ളി വളപട്ടണം കുപ്പം, കോഴിക്കോട്‌ കോട്ടൂളി എന്നീ തണ്ണീർത്തടങ്ങൾ റാംസർ സൈറ്റുകളാക്കാനാണ്‌ സംസ്ഥാനം ശുപാർശ ചെയ്യുക.

ഇതിനുള്ള നടപടി അവസാനഘട്ടത്തിലാണ്‌. നിലവിൽ അഷ്ടമുടി, ശാസ്‌താംകോട്ട, വേമ്പനാട്‌ തണ്ണീർത്തടങ്ങളാണ്‌ കേരളത്തിൽ പട്ടികയിലുള്ളത്‌.

16ന്‌ ചേരുന്ന സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ സാങ്കേതിക സമിതി ശുപാർശയ്‌ക്ക്‌ അന്തിമരൂപം നൽകും. തുടർന്ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന്റെ അനുമതിയോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‌ ശുപാർശ കൈമാറും.

കേന്ദ്രം റാംസർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അതോറിറ്റിക്ക്‌ കൈമാറുന്ന അപേക്ഷയ്‌ക്ക്‌ റാംസർ സെക്രട്ടറിയറ്റ്‌ അംഗീകാരം ലഭിച്ചാൽ പ്രഖ്യാപനമുണ്ടാകും.

മൂന്നുവർഷം വിശദമായി പഠിച്ചാണ്‌ തണ്ണീർത്തടങ്ങളെ ശുപാർശ ചെയ്യുന്നത്‌. പാരിസ്ഥിതിക പ്രാധാന്യം, ജൈവവൈവിധ്യം, വെള്ളത്തിന്റെ ഗുണനിലവാരം, പാരിസ്ഥിതിക ഭീഷണികൾ, ഘടന തുടങ്ങിയവയുടെ സമഗ്ര വിവരങ്ങൾ വിലയിരുത്തിയാണ്‌ പദവി നൽകുക.

സിഡബ്ല്യുആർഡിഎം, വെറ്റ്‌ലാൻഡ്‌ ഇന്റർനാഷണൽ സൗത്ത്‌ ഏഷ്യ എന്നിവ സംയുക്തമായാണ്‌ വിവരശേഖരണം നടത്തിയത്‌.

പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രദേശങ്ങളെ കൈയേറ്റം ഉൾപ്പെടെയുള്ള ഭീഷണികളിൽനിന്ന്‌ സംരക്ഷിക്കാനായി റാംസർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നത്‌ പരിസ്ഥിതി പ്രവർത്തകരുടെ ദീർഘകാല ആവശ്യമാണ്‌.

#Four #wetlands #state #considered #Ramsarlist

Next TV

Related Stories
Top Stories