ഹാങ്ചോ : (www.truevisionnews.com) ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ബംഗ്ലാദേശിനെതിരെ വമ്പൻ ജയത്തോടെ ഇന്ത്യ സെമിയിൽ. പൂൾ എയിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത 12 ഗോളിനാണ് ഇന്ത്യ ജയിച്ചുകയറിയത്. പൂൾ എയിൽ എല്ലാ മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്.

ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, മൻദീപ് സിങ് എന്നിവർ മൂന്ന് ഗോൾ വീതം നേടിയപ്പോൾ അഭിഷേക് രണ്ടുതവണ ലക്ഷ്യം കണ്ടു. ലളിത് കുമാർ ഉപാധ്യായ്, അമിത് രോഹിദാസ്, നീലകണ്ഠ ശർമ, സുമിത് എന്നിവർ ഓരോ ഗോൾ നേടി.
ആദ്യ ക്വാർട്ടറിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് പെനാൽറ്റി കോർണറിൽ നേടിയ ഗോളിൽ മുന്നിലെത്തിയ ഇന്ത്യക്കായി രണ്ടാം ക്വാർട്ടറിൽ മൻദീപ് സിങ് രണ്ടും അമിത് രോഹിദാസ്, ലളിത് ഉപാധ്യായ് എന്നിവർ ഓരോ ഗോളും നേടിയതോടെ ആദ്യ പകുതിയിൽ ഇന്ത്യ ആറ് ഗോളിന് മുന്നിലെത്തി.
മൂന്നാം ക്വാർട്ടറിൽ ഒരു ഗോൾകൂടി അടിച്ച് ഹർമൻപ്രീത് സിങ് ഹാട്രിക് പൂർത്തിയാക്കിയപ്പോൾ അഭിഷേക് കൂടി ഗോൾ നേടി സ്കോർ 8-0 എന്ന നിലയിലെത്തിച്ചു. അവസാന ക്വാർട്ടറിൽ മൻദീപ് സിങ് ഒരു ഗോൾ കൂടി നേടി ഹാട്രിക് പൂർത്തിയാക്കിയപ്പോൾ അഭിഷേക്, നീലകണ്ഠ ശർമ, സുമിത് എന്നിവർ കൂടി വല കുലുക്കി ഇന്ത്യയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
ആദ്യ പോരാട്ടത്തിൽ ഉസ്ബകിസ്താനെ 16-0ത്തിന് തോൽപിച്ച ഇന്ത്യൻ ടീം രണ്ടാം മത്സരത്തിൽ 16-1ന് സിംഗപ്പൂരിനെയും മൂന്നാം മത്സരത്തിൽ 4-2ന് നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെയും തകർത്തുവിട്ടിരുന്നു.
കഴിഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ പത്ത് ഗോളുകൾക്കാണ് പാകിസ്താനെ തകർത്തെറിഞ്ഞത്. ഇതോടെ കളിച്ച അഞ്ച് മത്സരങ്ങളിൽനിന്നായി 58 ഗോൾ നേടിയ ഇന്ത്യ അഞ്ച് ഗോൾ മാത്രമാണ് തിരിച്ചുവാങ്ങിയത്
#AsianGames #Indian #Hockey #Team #Semi-Finals #Bangladesh #crushed #unopposed #12goals
