കൊൽക്കത്ത: (truevisionnews.com) റയാൻ പരാഗിന്‍റെ ബാറ്റ് ഈഡൻ ഗാർഡൻസിൽ തീപടർത്തിയപ്പോൾ പിറന്നത് പുതുചരിത്രം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി പരാഗ് മിന്നിത്തിളങ്ങിയെങ്കിലും ഒരു റണ്ണിന് രാജസ്ഥാൻ റോയൽസ് പൊരുതി തോൽക്കുകയായിരുന്നു.

കൊൽക്കത്തയുടെ 206 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 205 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ചു റൺസ് അകലെയാണ് പരാഗിന് സെഞ്ച്വറി നഷ്ടമായത്. 45 പന്തിൽ എട്ടു സിക്സും ആറു ഫോറുമടക്കം 95 റൺസെടുത്താണ് താരം പുറത്തായത്. ഇംഗ്ലീഷ് താരം മുഈൻ അലി എറിഞ്ഞ 13ാം ഓവറിൽ തുടർച്ചയായി അഞ്ചു സിക്സുകളാണ് പരാഗ് നേടിയത്. തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവർത്തിക്കെതിരെ നേരിട്ട ആദ്യപന്തിൽത്തന്നെ വീണ്ടും സിക്സടിച്ചു, തുടർച്ചയായി ആറു സിക്സുകൾ. ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ ഒരുതാരം തുടർച്ചയായി ആറു സിക്സുകൾ നേടുന്നത് ആദ്യമാണ്.
മുഈൻ അലിയുടെ രണ്ടാം പന്ത് സിക്സ് പറത്തി രാജകീയമായാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. പിന്നാലെ മൂന്നു പന്തുകളിലും സിക്സ്. തൊട്ടടുത്ത പന്ത് വൈഡ്. അവസാന പന്തും സിക്സ് അടിച്ചാണ് പരാഗ് ഓവർ പൂർത്തിയാക്കിയത്. മൊത്തം 32 റൺസാണ് ആ ഓവറിൽ അലി വിട്ടുകൊടുത്തത്. 14 ഓവർ എറിഞ്ഞ വരുൺ ചക്രവർത്തിയുടെ ആദ്യ പന്തിൽ ഷിംറോൺ ഹെറ്റ്മയർ സിംഗ്ളെടുത്തു. പരാഗ് ക്രീസിൽ. തൊട്ടടുത്ത പന്ത് സിക്സ് അടിച്ചാണ് പരാഗ് ചരിത്ര നേട്ടത്തിലെത്തിയത്.
Parag hit six sixes Eden Gardens creates history first player to hit six sixes row IPL
