ന്യൂഡൽഹി : (www.truevisionnews.com) ഉത്തർപ്രദേശിലെ മുസാഫാർനഗറിൽ മുസ്ലിം വിദ്യാർത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കാൻ കോടതി നിർദേശിച്ചു. സംഭവം ഗുരുതരവും ആശങ്കപ്പെടുത്തുന്നതെന്നും നിരീക്ഷിച്ച കോടതി ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയുന്നതാണെന്നും വ്യക്തമാക്കി.
എഫ്ഐആറിൻ്റെ ഉളളടക്കത്തിലും കോടതി കടുത്ത അതൃപതി രേഖപ്പെടുത്തി. അധ്യാപികയുടെ നടപടിക്ക് പിന്നിൽ വർഗീയതയുണ്ടെന്ന അച്ഛന്റെ പരാതി എഫ്ഐആറിൽ രേഖപെടുത്താത്തത് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ആ പ്രചാരണം അതിശയോക്തിപരമാണെന്ന് യുപി സർക്കാർ അറിയിച്ചു.
കേസ് പരിഗണിക്കുന്നത് ഒക്ടോബര് 30ലേക് മാറ്റി. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉത്തർപ്രദേശിലെ നേഹ പബ്ലിക് സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ ത്രിപ്ത ത്യാഗിയുടെ നിർദ്ദേശപ്രകാരമാണ് സഹപാഠികൾ കുട്ടിയെ തല്ലിയതെന്നാണ് കേസ്. വീഡിയോ പുറത്തായതോടെ സംഭവം വിവാദമായിരുന്നു.
മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കടുത്ത വകുപ്പുകൾ പൊലീസ് ചുമത്തിയിരുന്നു. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ അധ്യാപിക തൃപ്തി ത്യാഗിക്കെതിരെ 2015ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ കർശനമായ സെക്ഷൻ 75 ചുമത്തി.
മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. കഴിഞ്ഞ മാസം മുസാഫർനഗറിലെ ഖുബ്ബാപൂർ പ്രദേശത്തെ സ്‌കൂളിലാണ് വിവാദമായ സംഭവം നടന്നത്. മുസ്ലിം വിഭാഗത്തിൽ നിന്നുള്ള കുട്ടിയെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും സഹപാഠികളോട് മർദ്ദിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്താകമാനം പ്രതിഷേധമുയർന്നു. തുടർന്നാണ് അധ്യാപികക്കെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 504, 323 എന്നിവ പ്രകാരമായിരുന്നു ആദ്യം കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 ഉൾപ്പെടുത്തി.
#SupremeCourt #incident #teacher #beating #Muslim #student #classmate #SupremeCourt #says #shocks #conscience
