(truevisionnews.com) ഒരു വ്യക്തി ഒരു പുതിയ വസ്‍തു വാങ്ങുമ്പോഴെല്ലാം അവർ അതിനെകുറിച്ച് കൂടുതൽ ചിന്തിക്കുകയോ അതിനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയോ ചെയ്യും. അത് തികച്ചും സ്വാഭാവികമാണ്. കാറുകളുടെ കാര്യത്തിലും അങ്ങനെ തന്നെ. ലക്ഷങ്ങൾ മുടക്കി കാർ വാങ്ങുമ്പോൾ കൂടുതൽ സമയം കാറിൽ ചെലവഴിക്കാനായിരിക്കും പലരും ശ്രമിക്കുന്നത്.

പുതിയ കാർ മണം പലപ്പോഴും ഒരു പുതിയ കാർ ഓടിക്കുന്ന വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇനി കേള്‍ക്കുന്നത് ഒരുപക്ഷേ പലർക്കും ഞെട്ടലുണ്ടാക്കിയേക്കാം. കാരണം എല്ലാവരും ആഹ്ലാദിക്കുന്ന പുതിയ കാറിന്റെ ഗന്ധം യഥാർത്ഥത്തിൽ വളരെ അപകടകരമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്.
ഈ മണമുള്ള കാറുകളിൽ ലോംഗ് ഡ്രൈവ് ചെയ്യുന്നത് ക്യാൻസറിന് കാരണമാകുമെന്ന് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെയും ചൈനയിലെ ബെയ്‌ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ഒരു പുതിയ വാഹനം ദീർഘനേരം ഓടിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും.
ചൈനയിലെയും യുഎസിലെയും ശാസ്ത്രജ്ഞർ 12 ദിവസം പുറത്ത് പാർക്ക് ചെയ്‍ത പുതിയ കാറിൽ സുരക്ഷിതമായ പരിധിക്ക് മുകളിലുള്ള രാസവസ്തുക്കൾ ഉണ്ടെന്നും ഇത് ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തി. ഈ പ്രത്യേക തരം രാസവസ്തുവിനെ ഫോർമാൽഡിഹൈഡ് എന്ന് വിളിക്കുന്നു. ഇതുകൂടാതെ, പുതുതായി പാർക്ക് ചെയ്യുന്ന കാറുകളിലെ അസറ്റാൽഡിഹൈഡിന്റെ അളവ് 61 ശതമാനം വരെ ഉയരുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സുരക്ഷിതമല്ല.
ചൈനീസ്, അമേരിക്കൻ ശാസ്ത്രജ്ഞർ ഈ പഠനത്തിനായി പ്ലാസ്റ്റിക്, വ്യാജ തുകൽ, മറ്റ് വസ്‍തുക്കൾ എന്നിവ ഉപയോഗിച്ച് ഒരു ഇടത്തരം എസ്‌യുവി തയ്യാറാക്കി. അതിനു ശേഷം കാർ പുറത്ത് പാർക്ക് ചെയ്‍തു. അടച്ചുപൂട്ടി 12 ദിവസം തുടർച്ചയായി വ്യത്യസ്‍ത പാരിസ്ഥിതിക സാഹചര്യങ്ങള്‍ പരീക്ഷിക്കാനായിരുന്നു ഇങ്ങനെ കാര്‍ ഉപേക്ഷിച്ചത്.
വിവിധ പദാർത്ഥങ്ങളെ തിരിച്ചറിയാൻ സെൻസറുകൾ ഉപയോഗിച്ച് ഗവേഷകർ പുതിയ വാഹനങ്ങളിലെ വായുവിന്റെ ഗുണനിലവാരം പരിശോധിച്ചു. അപ്പോൾ കാറിന്റെ ഊഷ്മാവ് കൂടുന്നതിനനുസരിച്ച് അതിലെ രാസവസ്തുക്കളുടെ മൊത്തം ശതമാനവും വർദ്ധിച്ചതായി കണ്ടെത്തി.
ഒരു പുതിയ വാഹനം കാൻസറിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്ന നിരവധി അസ്ഥിര ജൈവ സംയുക്തങ്ങൾ പുറപ്പെടുവിക്കുന്നു എന്നാണ് ഈ പരീക്ഷണത്തില്‍ തെളിഞ്ഞത്. കാൻസറിന് കാരണമായേക്കാമെന്ന് യുഎസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി അവകാശപ്പെടുന്ന ഫോർമാൽഡിഹൈഡ് എന്ന വസ്‍തു ചൈനീസ് ദേശീയ സുരക്ഷാ മാനദണ്ഡങ്ങളേക്കാൾ 34.9 ശതമാനം ഉയർന്ന നിലവാരത്തിലാണ് പുതിയ വാഹനങ്ങളിൽ കണ്ടെത്തിയത്.
ചൈനയുടെ ദേശീയ സുരക്ഷാ ആവശ്യകതകളേക്കാൾ 60.5% അളവിൽ മനുഷ്യർക്ക് അർബുദമുണ്ടാക്കുന്ന അസറ്റാൽഡിഹൈഡ് ഉണ്ടെന്നും കണ്ടെത്തി. ഇത്തരമൊരു പഠനം ഇതാദ്യമായല്ല നടത്തുന്നത്. 2021-ൽ, റിവർസൈഡിലെ കാലിഫോർണിയ സർവകലാശാലയിലെ വിദഗ്ധരും ഒരു പുതിയ വാഹനം ദീർഘനേരം ഓടിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും കണ്ടെത്തിയിരുന്നു.
ഒരു ഡ്രൈവർ ഒരു ദിവസം 11 മണിക്കൂർ കാറിൽ ചെലവഴിക്കുന്നു. അതേസമയം ഒരു യാത്രക്കാരൻ കാറിൽ ഒരു ദിവസം ഒന്നര മണിക്കൂർ ചെലവഴിക്കുന്നു. കാറിൽ ചിലവഴിക്കുന്ന ഈ സമയത്താണ് ഈ ഹാനികരമായ രാസവസ്‍തുക്കൾ നിങ്ങളുടെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും യാത്രക്കാരിലും ഡ്രൈവർമാരിലും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതെന്നും പഠനങ്ങള്‍ പറയുന്നു.
#newcar #smells #aware
