(truevisionnews.com) നിങ്ങൾ വൃത്തി കൂടുതൽ ഉള്ള ആളാണോ? എങ്കിൽ 'മൗലിനോംഗി'ലേക്ക് വരൂ. ഒ.സി.ഡി എന്ന് കേൾക്കുമ്പോൾ പലരും എന്തോ മോശം ആയിട്ടാണ് കാണുന്നത്. വൃത്തി കൂടിപ്പോയവരോട് സ്ഥിരം പറയുന്നതാണ് നിങ്ങൾക്ക് വേണ്ടി പ്രത്യേകം ഒരു സ്ഥലം തന്നെ ഉണ്ടാക്കണമെന്ന്. എന്നാൽ ഇനി പ്രത്യേകം ഒരു സ്ഥലം ഒന്നും ഉണ്ടാക്കേണ്ട, 'മൗലിനോംഗി'ലേക്ക് വന്നോളൂ.

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമാണ് മൗലിനോംഗ്. പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന ഗ്രാമവുമാണിത്. മേഘാലയയിലാണ് ഈ ഗ്രാമം ഉള്ളത്. 'ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം' എന്ന വിശേഷണവും ഈ ഗ്രാമത്തിനുണ്ട്. ഏറെ നാളത്തെ ശ്രമഫലമായാണ് ഇവിടുത്തെ ഗ്രാമവാസികൾ ഇത്തരത്തിൽ ഗ്രാമത്തെ മാറ്റിയെടുത്തത്. ഇന്ത്യയിലെ ഏറ്റവും ശുചിത്വം നിറഞ്ഞ ഗ്രാമം മാത്രമല്ല ഏഷ്യയിലെ ഏറ്റവും നിർമ്മലമായ ഗ്രാമവും ഇതാണ്.
2003ൽ 'ക്ലീനെസ്റ്റ് വില്ലേജ്' എന്ന ബഹുമതി ഈ ഗ്രാമത്തിന് ലഭിച്ചിട്ടുണ്ട്. അതിനുശേഷം ആ പേര് ഗ്രാമം നിലനിർത്തി കൊണ്ട് പോകുന്നു. ഈ ഗ്രാമത്തിൽ നിന്നും അല്പം പോലും മാലിന്യം കണ്ടെത്താൻ സാധിക്കില്ല. അത്രയും വൃത്തിയാണ് ഇവിടം. ഫലവൃക്ഷത്തോട്ടങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ ഗ്രാമം. കൂടാതെ നിരവധി അരുവികളും ഇവിടെ ഒഴുകുന്നുണ്ട്. ഈ ഗ്രാമത്തിൽ വന്നാൽ പ്രകൃതിരമണീയമായ കാഴ്ചകൾ ആസ്വദിക്കാനും സാധ്യമാണ്.
സാക്ഷരതയുടെ കാര്യത്തിലും ഇവർ മുന്നിൽ തന്നെയാണ്. 100% സാക്ഷരതയാണിവിടെ. ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ള ഗ്രാമമെന്ന ബഹുമതിയും ഇവർ നേടിയെടുത്തിട്ടുണ്ട്. ഷിലോംഗിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലെയാണ് മൗലിനോംഗ് സ്ഥിതി ചെയ്യുന്നത്. ഒരുവട്ടമെങ്കിലും ഇവിടെ വരേണ്ടതാണ്. വന്നവർ വീണ്ടും ഇവിടെ വരാൻ കൊതിക്കും.
#moulinong #cleanest #village #asia
