( truevisionnews.in) ഇടുക്കി എന്ന് പറയുമ്പോൾ തന്നെ കുന്നും മലകളും പുഴയും ഡാമുമാണ് മനസ്സിൽ വരുന്നത്. പലരും അറിയാതെ പോയതും, ഇടുക്കി ഡാമിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഒരു ഭാഗമാണ് വൈശാലി ഗുഹ.

വൈശാലി എന്ന പേരു കേൾക്കുമ്പോൾ തന്നെ 1988 ല്‍ ഭരതന്‍ സംവിധാനം ചെയ്ത വൈശാലി സിനിമ ഓർമ വരും. ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഇവിടെ ഷൂട്ട് ചെയ്തതിനുശേഷമാണ് വൈശാലി ഗുഹ എന്ന് അറിയപ്പെട്ടത്.
ചിത്രത്തിലെ 'ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍' എന്ന് തുടങ്ങുന്ന ഗാനം ഈ ഗുഹയിലാണ് ഷൂട്ട് ചെയ്തത്. ചിത്രത്തിന് വേണ്ടി സെറ്റിട്ടതാണ് ഈ ഗുഹയെന്നാണ് കൂടുതൽ പേരും കരുതിയിരിക്കുന്നത്. എന്നാൽ അത് യഥാർത്ഥ ഗുഹയാണ്.
550 മീറ്ററോളം നീളമുള്ള ഒരു തുരങ്കമാണിത്. 1970കളില്‍ ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത് നിര്‍മ്മിച്ചത്.
വൈശാലി ഗുഹയിലേക്ക് എത്താൻ അല്‍പം സാഹസികത ആവശ്യമാണ്. നിറയെ പാറകൾ ഉള്ളതിനാൽ അതിനിടയിലൂടെ വേണം ഗുഹയ്ക്കുള്ളിൽ എത്താൻ വേണ്ടി.
ഗുഹയ്ക്ക് ഉള്ളിൽ ധാരാളം വവ്വാലുകളാണ്. ഗുഹയുടെ ഉള്ളിലേക്ക് പോകുംതോറും വെളിച്ചം കുറഞ്ഞ് വരും. ഉച്ച സമയത്ത് ഗുഹയുടെ തുടക്കത്തിൽ നിന്നും കുറച്ച് മീറ്റർ ഉള്ളിൽ എത്തിയാൽ തന്നെ കൂരാക്കൂരിരുട്ടാണ്. അത്രയും പേടിയുണ്ടാക്കുന്ന ഒരു അന്തരീക്ഷമാണിവിടെ.
ആഷിക് അബു സംവിധാനം ചെയ്ത ‘ഇടുക്കി ഗോൾഡ്’ ഇവിടെ തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
സാഹസികത ഇഷ്ടപ്പെടുന്നവർ ഒരു വട്ടമെങ്കിലും ഇവിടെ പോകേണ്ടത് തന്നെയാണ്. സിനിമകളിൽ മാത്രം കാണുന്ന പ്രേതാലയത്തിന്റെ മറ്റൊരു അനുഭവമാണ് ഈ ഗുഹ സമ്മാനിക്കുന്നത്.
#travel #vaishali #cave #beauty #nature
