ലക്നൗ : (www.truevisionnews.com) ഡേവിസ് കപ്പ് ടെന്നിസ് കരിയറിലെ അവസാന മത്സരത്തിൽ വിജയത്തോടെ രോഹൻ ബൊപ്പണ്ണയ്ക്ക് മടക്കം.
യുകി ഭാംബ്രിയുമൊത്ത് ഡബിൾസ് മത്സരത്തിൽ ലോക ഗ്രൂപ്പ്-2 പോരാട്ടത്തിൽ മൊറോക്കോയെ 4-1 നു മറികടന്നാണ് ഇന്ത്യ ലോക ഗ്രൂപ്പ്-1 പ്ലേഓഫിൽ കടന്നത്.
മൊറോക്കോയുടെ എലിയട്ട് ബെൻചെത്രി-യൂനസ് ലലാമി ലാറൗസി സഖ്യത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബൊപ്പണ്ണ-ഭാംബ്രി സഖ്യത്തിന്റെ ജയം (6-2,6-1).
സിംഗിൾസ് മത്സരങ്ങളിൽ സുമിത് നാഗൽ, ദിഗ്വിജയ് പ്രതാപ് സിങ് എന്നിവരും ഇന്നലെ ഇന്ത്യയ്ക്കു വേണ്ടി ജയം കണ്ടു. ആദ്യദിനം രണ്ടാം സിംഗിൾസിൽ നാൽ ജയിച്ചപ്പോൾ ശശികുമാർ മുകുന്ദ് ആദ്യ മത്സരത്തിനിടെ പരുക്കേറ്റു പിൻവാങ്ങിയിരുന്നു.
നാൽപത്തിമൂന്നുകാരനായ ബൊപ്പണ്ണ ഡേവിസ് കപ്പിൽ ഇന്ത്യയ്ക്കു വേണ്ടി 50 മത്സരങ്ങൾ തികച്ചാണ് വിടവാങ്ങുന്നത്. ഇതിൽ 23 മത്സരങ്ങളിൽ ജയം നേടി 2002ൽ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു കൂർഗ് സ്വദേശിയായ ബൊപ്പണ്ണയുടെ അരങ്ങേറ്റം.
ഇന്നലെ അവസാന മത്സരം കാണാൻ ബൊപ്പണ്ണയുടെ കുടുംബാംഗങ്ങളെല്ലാം ലക്നൗവിലെത്തിയിരുന്നു. ഡേവിസ് കപ്പിൽ നിന്നു വിരമിച്ചെങ്കിലും ബൊപ്പണ്ണ എടിപി ടൂർ മത്സരങ്ങളിൽ തുടർന്നു കളിക്കും.
ഈ വർഷം പുരുഷ ഡബിൾസിൽ വിമ്പിൾഡനിൽ സെമിഫൈനലിലും യുഎസ് ഓപ്പണിൽ ഫൈനലിലുമെത്തിയിരുന്നു ബൊപ്പണ്ണ
#Davidcup #Bopanna-Bhambri #win #DavidCup #Bopanna #returns #victory